രിസ്: പ്രമുഖ അമേരിക്കന്‍ മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദഷിയാനെ തോക്കിന്‍മുനയില്‍നിര്‍ത്തി 67 ലക്ഷം ഡോളര്‍ വിലയുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കൊള്ളയടിച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ആഡംബര വീട്ടില്‍ പൊലീസ് വേഷത്തിലെത്തിയ രണ്ടുപേരാണ് താരത്തെ കൊള്ളയടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ച് പൊലീസ് വേഷത്തിലെത്തിയ അക്രമികള്‍ അപ്പാര്‍ട്‌മെന്റിന്റെ കാവല്‍ക്കാരനെ ബന്ധിച്ച് ഭീഷണിപ്പെടുത്തി കര്‍ദഷിയാന്‍ താമസിക്കുന്ന സ്ഥലം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അപ്പാര്‍ട്‌മെന്റിലേക്ക് ഇരച്ചുകയറിയ അപഹര്‍ത്താക്കള്‍ താരത്തെ ബന്ധിച്ച് ബാത്ത്‌റൂമിയില്‍ പൂട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. ദശലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള ആഭരണങ്ങള്‍ അടങ്ങിയ പെട്ടിയും 40 ലക്ഷം യൂറോ വിലയുള്ള മോതിരവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച സംഘം സൈക്കിളിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ കൊള്ളസംഘമാണ് കവര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ഫ്രഞ്ച് പ്രസിഡണ്ടിന്റെ കൊട്ടാരവും ബ്രിട്ടീഷ് എംബസിയും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖലയില്‍വെച്ചാണ് കര്‍ദഷിയാന്‍ കൊള്ളയടിക്കപ്പെട്ടത്. താരത്തിന് ശാരീരിക പീഡനമൊന്നും ഏറ്റതായി റിപ്പോര്‍ട്ടില്ല. മാതാവ് കിമ്മിനും സഹോദരി കോര്‍ട്‌നിക്കിനും ഒപ്പം പാരിസ് ഫാഷക്കിന്‍ വീക്കില്‍ പങ്കെടുക്കാനാണ് കര്‍ദഷിയാന്‍ ഫ്രാന്‍സിലെത്തിയത്. മതാവും സഹോദരിയും നഗരത്തില്‍ മറ്റൊരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എങ്ങനെയാണ് ആക്രമണം നടന്നതെന്നതിനെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ചും നിരവധി അവ്യക്തതകളുണ്ട്.
കൊള്ളയടിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞ് ഭര്‍ത്താവ് കെയ്ന്‍ വെസ്റ്റ് ന്യൂയോര്‍ക്കിലെ സംഗീത പരിപാടി ഇടക്ക് നിര്‍ത്തിവെച്ച് പാരിസില്‍ കര്‍ദഷിയാന്റെ അടുത്തേക്ക് പറന്നെത്തി. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ സംഗീത പരിപാടികള്‍ക്കിടെയായിരുന്നു കെയ്ന്‍ വെസ്റ്റ് വിവരം അറിഞ്ഞത്. വീട്ടില്‍ ഒരു അത്യാഹിതം ഉണ്ടായെന്നും പരിപാടി പെട്ടെന്ന് നിര്‍ത്തിവെക്കുകയാണെന്നും അറിയിച്ചാണ് അദ്ദേഹം വേദി വിട്ടത്.