ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിഷം സ്േ്രപ ചെയ്തതിന് തനിക്ക് ലഭിച്ചത് 90 ഡോളര്‍ (400 മലേഷ്യന്‍ റിന്‍ഗിറ്റ്) ആണെന്ന് അറസ്റ്റിലായ ഇന്തോനേഷ്യന്‍ യുവതി സിതി അയിഷ. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ജയിലില്‍ തന്നെ വന്നു കണ്ട ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി അംബാസഡര്‍ ആന്‍ഡ്രിയാനോ ഇര്‍വിനോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.
മാരക വിഷപദാര്‍ത്ഥമായ വിഎക്‌സ് ആണ് നാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. വിമാനത്താവളത്തില്‍ എത്തിയ നാമിന്റെ മുഖത്ത് വിഷം പുരട്ടാന്‍ അജ്ഞാതരായ ചിലര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി ആന്‍ഡ്രിയാനോട് പറഞ്ഞു. ജപ്പാന്‍കാരോ കൊറിയക്കാരോ ആണെന്ന് തോന്നിക്കുന്ന ചിലരെയാണ് താന്‍ കണ്ടത്. ഈ പ്രവൃത്തി ചെയ്യുന്നതിന് 400 റിന്‍ഗിറ്റ്‌സും ബേബി ഓയില്‍ പോലെ തോന്നിക്കുന്ന ഒരുതരം എണ്ണയും ഒരാള്‍ തനിക്ക് തന്നു. ടിവി റിയാലിറ്റി ഷോയിലെ തമാശയാണെന്നാണ് തനിക്കപ്പോള്‍ തോന്നിയതെന്നും യുവതി പറഞ്ഞു. കസ്റ്റഡിയിലിരിക്കെ മാതാപിതാക്കളെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുവതി ആന്‍ഡ്രിയാനെ അറിയിച്ചു. ദു:ഖിക്കരുതെന്നും ആരോഗ്യകാര്യങ്ങള്‍ നോക്കണമെന്നും മാതാപിതാക്കളോട് ആവശ്യപ്പെടുന്ന സന്ദേശം അംബാസഡര്‍ മുഖേന നല്‍കുകയാണ് അയിഷ ചെയ്തത്.
നാമിനെ കൊലപ്പെടുത്തുന്ന പദ്ധതിയില്‍ പങ്കില്ലെന്നും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും യുവതി മലേഷ്യന്‍ പൊലീസിന് നല്‍കിയ മൊഴിയിലും പറയുന്നുണ്ട്.
ചെറിയ തോതില്‍ പോലും ശരീരത്തിലെത്തിയാല്‍ മരണം സംഭവിക്കാവുന്ന മാരകവിഷം ഉപയോഗിച്ചതുകൊണ്ട് യുവതിക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങളുള്ളതായി കണ്ടിട്ടില്ലെന്ന് മലേഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അയിഷക്കും കസ്റ്റഡിയിലുള്ള മറ്റൊരു യുവതിക്കും നല്ലപോലെ അറിയാമായിരുന്നുവെന്നാണ് അധികൃതരുടെ അഭിപ്രായം. ഫെബ്രുവരി 13ന് ക്വാലാലംപൂരിലെ വിമാനത്തവാളത്തില്‍ ഒരു യുവതി നാമിന്റെ മുഖത്ത് വിഷം സ്‌പ്രേ ചെയ്യുന്ന വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം അദ്ദേഹം മരണപ്പെടുകയും ചെയ്തു. നാമിനെ കൊലപ്പെടുത്താന്‍ വിഎക്‌സ് വിഷവുമായി ഉത്തകൊറിയ കൊലയാളി സംഘത്തെ മലേഷ്യയിലേക്ക് അയച്ചതായിരിക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്രതലത്തില്‍ നിരോധിക്കപ്പെട്ട വിഎക്‌സ് വിഷം അത്യാധുനിക രാസായുധ ലബോറട്ടറികളില്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ ഉല്‍പാദനം നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര കരാറില്‍ ഉത്തരകൊറിയ ഒപ്പുവെച്ചിട്ടില്ല. അര്‍ധ സഹോദരനായ നാം തന്റെ ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് കിം ജോങ് ഉന്‍ ഭയപ്പെട്ടിരുന്നു.
സിതി അയിഷ അറസ്റ്റിലായ വാര്‍ത്ത ഇന്തോനേഷ്യയിലെ കുടുംബത്തെയും അയല്‍ക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ജക്കാര്‍ത്തയില്‍ മധ്യവര്‍ഗം താമസിക്കുന്നിടത്ത് സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടിയും ഭര്‍ത്താവുമെന്ന് അയല്‍ക്കാര്‍ പറയുന്നു. ദയയുള്ളവളും നല്ല സ്വഭാവക്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയുന്നവളുമാണ് അവളെന്നാണ് ഭര്‍തൃപിതാവ് നല്‍കുന്ന വിവരം. ഉത്തരകൊറിയയുടെ ഇന്റലിജന്‍സ് ഏജന്റുമാരില്‍ ഒരാളായിരിക്കാം യുവതിയെന്നാണ് മലേഷ്യ കരുതുന്നത്.
വിയറ്റ്‌നാം പാസ്‌പോര്‍ട്ടുള്ള മറ്റൊരു പെണ്‍കുട്ടിയും അയിഷയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം ഒമ്പതുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഉത്തര കൊറിയക്കാരായ നാലുപേര്‍ നാം കൊല്ലപ്പെട്ടതിനുശേഷം രാജ്യംവിട്ടിട്ടുണ്ട്.