X

ദക്ഷിണ കൊറിയയോട് സൗഹൃദം; അമേരിക്കക്ക് മുന്നറിയിപ്പുമായി പുതുവത്സരത്തില്‍ കിം ജോങ് ഉന്‍

പ്യോങ്യാങ്: പുതുവര്‍ഷ ആശംസയ്ക്കിടെ അമേരിക്കയെ ഭീഷണിപ്പെടുത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. മേരിക്കയുടെ മുഴുവന്‍ ഭാഗവും തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിപ്പെടുന്നതാണെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കക്കാവില്ലെന്നുമായരുന്നു കിംമ്മിന്റെ ഭീഷണി. തങ്ങളുടെ കൈവശമുള്ള അണ്വായുധങ്ങളാണു യുഎസിനെ യുദ്ധത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നും ഉത്തരകൊറിയന്‍ പരമാധികാരി വ്യക്തമാക്കി. പുതുവര്‍ഷത്തോട് അനുബന്ധിച്ചു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം. ചാരനിറത്തിലുള്ള സ്യൂട്ടും ടൈയും ധരിച്ചാണ് കിം പ്രത്യക്ഷപ്പെട്ടത്.

ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാര്‍ഥ്യമാണെന്നും ആണവായുധങ്ങളുടെ ബട്ടന്‍ എന്റെ മേശയിലാണുള്ളതെന്ന കാര്യം അമേരിക്ക മനസ്സിലാക്കണമെന്നും കിം ഭീഷണി മുഴക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് കിം ആശംസകള്‍ നേര്‍ന്നു. പ്യോങ്ചാങ് ഒളിമ്പിക്സിന് വിജയം ആശംസിച്ച കിം, ഉത്തരകൊറിയന്‍ സംഘത്തെ ഒളിമ്പിക്സിന് അയച്ചേക്കുമെന്ന സൂചനയും നല്‍കി. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക പിരിമുറുക്കങ്ങള്‍ കുറയ്ക്കണമെന്നും ദക്ഷിണ കൊറിയയുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമിക്കണമെന്നും കിം പറഞ്ഞു. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയുടെ പാത തുറന്നിട്ടിരിക്കുകയാണെന്നും കിം വ്യക്തമാക്കി.

chandrika: