സിയോള്‍: സഹോദരി കിം യോ ജോങിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയ നീക്കത്തിലാണ് വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നെന്ന് റിപ്പോര്‍ട്ട്. അമേരിക്കയോടും തെക്കന്‍ കൊറിയയോടുമുള്ള നയം രൂപീകരിക്കുന്നതിനുള്ള ചുമതലയും സഹോദരിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഭരണത്തില്‍ കിം ജോങ് ഉന്‍ തന്നെ സമ്പൂര്‍ണ മേധാവിത്തം തുടരും.
ജോലിഭാരവും സമ്മര്‍ദ്ദവും കുറക്കുന്നതിനാണ് അടുത്ത അനുയായികളുമായി ചില ഉത്തരവാദിത്തങ്ങള്‍ പങ്കുവെച്ചത്. തെക്കന്‍ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗമാണ് വിവരം പുറത്തുവിട്ടത്.
അതേസമയം, ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലെ എല്ലാ വളര്‍ത്തുപട്ടികളെയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞ ?ദിവസം കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. ചോസണ്‍ലിബോ എന്ന പത്രമായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം ഉണ്ടായിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വിചിത്രമായ ഉത്തരവ് കിമ്മില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനം തൊട്ടുതന്നെ, പട്ടികളെ വളര്‍ത്തുക എന്ന ‘നികൃഷ്ടമായ’, ‘പാശ്ചാത്യ ബൂര്‍ഷ്വാ’ പ്രവണത നിരോധിക്കാന്‍ കിം ഒരുങ്ങുന്നുണ്ടെന്ന തരത്തിലുള്ള വിവരങ്ങള്‍ അനൗദ്യോഗികമായി പുറത്തു വരുന്നിരുന്നു.