ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ട്രംപിന് നല്‍കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം ചര്‍ച്ച ചെയ്യും. അദ്ദേഹം രണ്ടു ദിവസം ചൈനയിലുണ്ടാകും.
കിം ചൈനയില്‍ എത്തിയതായി ചൈനീസ് മാധ്യമങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയുടെ സന്ദര്‍ശന വിവരം ചൈന നേരത്തെ പുറത്തുവിടുന്നത്. മുമ്പ് രണ്ടു തവണയും അദ്ദേഹം ചൈനയില്‍നിന്ന് പുറത്തുപോയ ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ബീജിങിലെ വിമാനത്താവളത്തില്‍നിന്ന് ഒരു വാഹനവ്യൂഹം പുറത്തുപോകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കിമ്മിന്റേതാണ് ഇതെന്ന് സംശയിക്കുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണ്ട് കൊറിയന്‍ സമാധാന പ്രക്രിയയിലെ പുരോഗതി അറിയിക്കും. ആണവനിരായുധീകരണവും അമേരിക്കന്‍ ഉപരോധത്തിലെ ഇളവുകളുമായിരിക്കും ചര്‍ച്ചയിലെ മുഖ്യ വിഷയങ്ങള്‍. ഉത്തരകൊറിയക്കെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവ് ചെയ്യണമെന്ന് ചൈന അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ പ്രധാന സഖ്യകക്ഷിയാണ് ഉത്തരകൊറിയ. ഉപരോധങ്ങള്‍ മറികടന്ന് ചൈന ഉത്തരകൊറിയയുമായി വ്യാപാര ഇടപാടുകള്‍ നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാര്‍ച്ചിന് ശേഷം മൂന്നാം തവണയാണ് കിം ചൈന സന്ദര്‍ശിക്കുന്നത്. കൊറിയന്‍ ഉപദ്വീപിനെ ആണവായുധമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ ട്രംപും കിമ്മും ഒപ്പുവെച്ച ശേഷം ദക്ഷിണകൊറിയയോടൊപ്പം നടത്തുന്ന സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവെച്ചതായി അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ഉത്തരകൊറിയക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് ചൈനയാണ്.
രണ്ടു തവണ ചൈനീസ് നേതാക്കുളുമായി നേരിട്ട് ചര്‍ച്ച നടത്തിയ ശേഷമാണ് കിം ഉച്ചകോടിക്കായി സിംഗപ്പൂരിലേക്ക് വിമാനം കയറിയത്. സിംഗപ്പൂരിലേക്ക് പോകാന്‍ കിമ്മിന് വിമാനം അനുവദിച്ചതും യാത്രാവേളയില്‍ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുമെല്ലാം ചൈനക്കായിരുന്നു. ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയയെ പ്രേരിപ്പിക്കാന്‍ അമേരിക്ക ചൈനയുടെ സഹായം തേടിയിട്ടുമുണ്ട്. അമേരിക്കക്കും ഉത്തരകൊറിയക്കുമിടയില്‍ ഊഷ്മള ബന്ധം രൂപപ്പെടുന്നതിനെ ചൈന സ്വാഗതം ചെയ്തിരുന്നു. സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവെക്കാമെന്ന യു.എസ് പ്രഖ്യാപനം പ്രത്യേകിച്ചും ചൈനയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.