X

സിംഗപ്പൂരില്‍ ടൂറടിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് സിംഗപ്പൂര്‍ സന്ദര്‍ശനം ഒരു വിനോദയാത്ര കൂടിയായിരുന്നു. ഭരണത്തലവനായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയയില്‍നിന്ന് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത അദ്ദേഹത്തിന് സിംഗപ്പൂരിലുണ്ടായിരുന്നത് കൗതുകം നിറഞ്ഞ കാഴ്ചകളാണ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ തലേദിവസം രാത്രി സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സിംഗപ്പൂരിലെ രാഷ്ട്രീയ നേതാക്കളോടൊപ്പം സെല്‍ഫിയെടുത്തും ഫോട്ടോക്ക് പോസ് ചെയ്തും അംഗരക്ഷകരോടൊപ്പം കിം നഗരത്തില്‍ കറങ്ങിനടന്നു. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന സന്ദര്‍ശനം രണ്ടു മണിക്കൂര്‍ നീണ്ടു. ലോക മാധ്യമങ്ങള്‍ സ്വേച്ഛാധിപതിയായി വിശേഷിപ്പിക്കുന്ന കിമ്മിനെ ആളുകള്‍ കൗതുകത്തോടെയാണ് കണ്ടുനിന്നത്. ചരിത്രപ്രധാന കൂടിക്കാഴ്ചക്കുമുമ്പ് ഉത്തരകൊറിയന്‍ ഭരണാധികാരിയെ നേരില്‍ കാണാന്‍ സാധിച്ചത് ഏറെ ആഹ്ലാദം തരുന്നുവെന്ന് ടിയാറ റോഡ്രിഗോയും സുഹൃത്ത് ജോയഷ് കൊറിയയും പറഞ്ഞു. കൊറിയക്ക് കിമ്മിനെക്കുറിച്ച് അധികമൊന്നും അറിയില്ല. രാഷ്ട്രത്തലവനാണെന്ന് മാത്രം അറിയാം.
മറീന ബേ സാന്‍ഡ്‌സില്‍ 20 മിനുട്ട് നേരം ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. സഹോദരി കിം യോ ജോങും സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി ഓങ് യെ കുങും കൂടെയുണ്ടായിരുന്നു.
കിമ്മിന്റെ വരവ് അറിയിച്ച് പല സ്ഥലങ്ങളിലും നേരത്തെ തന്നെ സന്ദര്‍ശകരെ ഒഴിപ്പിച്ചിരുന്നു. ഗാര്‍ഡന്‍സ് ബൈ ദ ബേയിലും സ്‌കൈപാര്‍ക്കിലും അദ്ദേഹം എത്തി.

chandrika: