സോള്‍: മകളുടെ പേര് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ഏകാധിപത്യ ഭ്രാന്ത്. കിമ്മിന്റെ മകള്‍ ജു എയുടെ പേര് രാജ്യത്ത്് മറ്റാര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ മാറ്റണമെന്നാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇനി മുതല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ആ പേര് ഇടുന്നതിന് വിലക്കേര്‍പ്പെടുത്തി. മകളെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്.
ജു എ എന്ന് പേരുള്ളവര്‍ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് ജനന സര്‍ട്ടിഫിക്കറ്റില്‍ അടിയന്തര തിരുത്തല്‍ നടത്തണം. ജിയോഗ്ജു നഗരത്തില്‍ ജു എ എന്ന് പേരുള്ള യുവതികളെ വിളിച്ചുവരുത്തി ഒരാഴ്ചക്കകം പേര് മാറ്റണമെന്ന് ഉത്തരവിട്ടതായി റേഡിയോ ഫ്രീ ഏഷ്യ പറയുന്നു. സൈന്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ കിം ജോങ് ഉന്‍ മകളോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. മുമ്പും ഉത്തരകൊറിയന്‍ നേതാക്കളുടെ പേര് ഉപയോഗിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ കിം ജോങ് ഉന്‍ എന്ന പേര് മാറ്റണമെന്നായിരുന്നു നിര്‍ദേശം.