കിളിയൂര്‍ ജോസ് കൊലപാതകത്തിലെ പ്രതി മകന്‍ പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ ഗാനം, ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’. സാമ്പത്തിക വിഷയങ്ങളിലും വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസിന് മൊഴി നല്‍കി. മെഡിക്കല്‍ പഠനത്തിനായി പ്രജിനെ ചൈനയിലെ വുഹാനിലേക്ക് അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.
സിനിമ ചെയ്യുന്നതിനായി പ്രജിന്‍ വീട്ടില്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഭാര്യ സുഷമ പൊലീസിന് മൊഴി നല്‍കി.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കാണെന്ന സംശയം ഉയര്‍ന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രതി സ്വന്തം ശരീരത്തിലെ മുഴുവന്‍ രോമങ്ങളും നീക്കം ചെയ്തിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രജിന്റെ മുറിയിലെ ബാത്ത്‌റൂമിനകത്ത് രോമങ്ങള്‍ കൂട്ടിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.
കോവിഡ് സാഹചര്യത്തില്‍ പഠനം മുടങ്ങി ചൈനയില്‍ നിന്നും നാട്ടിലെത്തിയ പ്രജിന്‍ കൊച്ചിയിലേക്ക് സിനിമാ പഠനത്തിനു വേണ്ടി പോയിരുന്നു. ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്. മുറിയില്‍ നിന്നും ഓം പോലെയുള്ള ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞിരുന്നു.
ഫെബ്രുവരി 5നാണ് രാത്രി വീട്ടിലെ സോഫയില്‍ ഉറങ്ങിക്കിടന്ന ജോസിനെ മകന്‍ പ്രജിന്‍ കൊലപ്പെടുത്തുന്നത്. അമ്മ സുഷമയുടെ മുന്നില്‍ വെച്ചാണ് പ്രജിന്‍ പിതാവിനെ ആക്രമിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീഴുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിതാവിനെ കഴുത്തറുത്ത്് കൊലപ്പെടുത്തിയ ശേഷം പ്രജിന്‍ വെള്ളറട പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതി.