X

കറുത്തവളെന്നാരോപിച്ച് ഭാര്യയെ തീകൊളുത്തി കൊന്നു

 

കൊല്‍ക്കത്ത: കറുത്തവള്‍ എന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ മിന്‍ഡാപൂരിലാണ് സംഭവം. 24 വയസുള്ള ശ്രാവണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സൗരഭ് മെയ്തി, മാതാവ് സുമിത്ര മെയ്തി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കറുത്തവള്‍ എന്ന് മുദ്രകുത്തി ശ്രാവണിയെ ഭര്‍ത്താവും മാതാവും കൂടി പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പെട്രോളൊഴിച്ച ശേഷം യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് യുവതിയെ വിവാഹം കഴിപ്പിച്ച് വിടുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയതായി പിതാവ് ആരോപിച്ചു. ദേഹത്തെ കറുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു ഉപദ്രവം. പലപ്പോഴും മകള്‍ ഇക്കാര്യം വീട്ടിലേക്ക് അറിയിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. ആറ് മാസം പ്രായമുള്ള ഒരു മകളുണ്ട്. പ്രസവത്തിനു ശേഷവും പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ പിഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വീടിന് പുറത്താണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി 7.30തോടെ മരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തിനിരയായി കൊല്ലപ്പെടുന്നവരുടെ എണ്ണം പെരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 32,513 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബംഗാള്‍ കഴിഞ്ഞാല്‍ ഗാര്‍ഹിക പീഡനകുറ്റം ഏറെയും ചുമത്തിയിരിക്കുന്നത് രാജസ്ഥാനിലാണ്. 13,811 കേസുകള്‍. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഒട്ടേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

chandrika: