കൊയിലാണ്ടി: തിക്കോടി കുറ്റിവയൽ പ്രദേശത്ത് പ്രതിഷേധ പരിപാടിക്കിടെ കൊലവിളി പ്രസംഗം നടത്തിയ സി.പി..എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജുവിനെതിരെ നിയോജകമണ്ഡലം യൂത്ത് ലീഗ് പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ച പാർട്ടിയുടെ കുറ്റിവയൽ ബ്രാഞ്ച് കമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഉയർത്തിയ കൊടികൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലാണ് രക്തസാക്ഷി അരിയിൽ ഷുകൂറിന്റെ കൊലപാതകത്തെ ഓർമ്മപ്പെടുത്തി കൊലപാതകങ്ങളെയും അക്രമങ്ങളെയും മഹത്വവൽക്കരിച്ച് കളത്തിൽ ബിജു കൊലവിളി പ്രസംഗം നടത്തിയത്.
പ്രസ്ഥാനത്തിന്റെ നേരെ വന്നാൽ ഷുകൂറിന്റെ ഗതിയായിരിക്കുമെന്ന് ഭീഷണിയോടെയും സമാധാന അന്തരീക്ഷത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കുന്ന തിക്കോടി പ്രദേശത്ത് ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കാൻ ആഹ്വാനം നൽകുന്ന തരത്തിലുമായിരുന്നു ബിജുവിന്റെ പ്രകോപനപരമായ പ്രസംഗം.
ഷുകൂർ വധത്തിൽ സിപിഐമ്മിന്റെ പങ്ക് വ്യക്തമാണ് എന്ന് തെളിയിക്കുന്നതാണ് ലോക്കൽ സെക്രട്ടറിയുടെ പ്രസംഗം.
ഷുകൂർ കേസിൽ തന്നെ കുറ്റവിമുക്തനാക്കാൻ കോടതിയെ സമീപിച്ച പി ജയരാജനും പാർട്ടിയും കൊലപാതകത്തിൽ പങ്കില്ല എന്ന നുണകൾ ആവർത്തിക്കുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലും അത് സമ്മതിക്കുന്ന തരത്തിലും ലോക്കൽ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം പുറത്തുവരുന്നത്.
മനുഷ്യ ജീവനുകളെ മൃഗങ്ങളെക്കാൾ ക്രൂരതയോടെ വേട്ടയാടി കൊലപ്പെടുത്തുന്ന കാടത്തത്തെ ഒരു പ്രത്യയശാസ്ത്രം കൊണ്ടും ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രത്യയശാസ്ത്രത്തിലെ മാനവിക ചോർന്നുപോയ വെറും ക്രിമിനൽ സംഘമായി സി പി ഐ എം മാറിയിരിക്കുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രക്തസാക്ഷി ഷുകൂറിനെ അവഹേളിച്ച് കൊണ്ടും അതിനെ ന്യായീകരിച്ചും തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം.