ആലപ്പുഴ മാന്നാർ കല കൊലപാതക കേസിൽ ദുരൂഹതയേറുന്നു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി മൃതദേഹം മാറ്റിയോ എന്ന് സംശയം. മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായി സംശയം ഉയരുന്നു. സെപ്ടിക് ടാങ്കിൽ മറവ് ചെയ്തുവെന്ന് ഒരാൾ മാത്രമാണ് മൊഴി നൽകിയത്. മൃതദേഹം എവിടെയാണെന്ന് അറിയാവുന്നയാൾ അനിൽകുമാർ മാത്രം. മേസ്തിരി പണിക്കാരൻ ആയതുകൊണ്ട് തന്നെ അനിൽകുമാറിന് മൃതദേഹം വിദഗ്ധമായി മറവു ചെയ്യാൻ സാധിക്കുമെന്നും പൊലീസ് പറയുന്നത്.
മൃതദേഹം ആറ്റിൽ കളയാൻ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായാണ് വലിയ പെരുമ്പുഴ പാലത്തിനടുത്ത് കാറിൽ മൃതദേഹം എത്തിച്ചത്. സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആറ്റിലുപേക്ഷിച്ചില്ല. മറ്റിടങ്ങളിലും പോലീസ് പരിശോധന നടത്തിയേക്കും.
സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച വസ്തുക്കൾ കോടതിക്ക് കൈമാറി. അതേസമയം ഒന്നാം പ്രതി അനിൽ കുമാർ ആശുപത്രിയിൽ എന്നാണ് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായാണ് വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.
കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 15 വർഷം മുൻപായിരുന്നു കലയെ കാണാതായത്. 2009 ഡിസംബർ ആദ്യ ആഴ്ചയാണ് കല കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്ത് വെച്ചാണ് കലയെ കൊലപ്പെടുത്തിയതെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കലയ്ക്ക് കുട്ടംപേരൂർ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.