X
    Categories: indiaNews

സിദ്ധരാമയ്യക്കെതിരെ കൊലവിളി; ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ്

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ സി.എന്‍ അശ്വന്ത് നാരയണനെതിരെ കേസെടുത്തു. ഉറിഗൗഡ നഞ്ചഗൗഡ ടിപ്പുവിനെ വകവരുത്തിയ പോലെ സിദ്ധരാമയ്യയെ വകവരുത്തുമെന്നായിരുന്നു മണ്ഡ്യയിലെ സാത്തനൂരില്‍ വെച്ച് നാരായണ പ്രസംഗിച്ചത്.

കെ.പി.സി.സി വക്താവ് എം. ലക്ഷ്മണയുടെ നേതൃത്വത്തില്‍ മൈസൂരു ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നാരായണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദേവരാജ പൊലീസ് ഐ.പി.സി 506, 153 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നേരത്തെ കുടകില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് അദ്ദേഹത്തിനെതിരെ കൊലപാതക ശ്രമം നടന്നതിനാല്‍ പരാതി ഗൗരവത്തിലെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സിദ്ധരാമയ്യ 24 ഹിന്ദുക്കളെ കൊലപ്പെടുത്തിയെന്ന വിവാദ പരാമര്‍ശത്തില്‍ ബി.ജെ.പി ബല്‍ത്തങ്ങാടി എം.എല്‍.എ ഹരീഷ് പൂഞ്ചക്കെതിരെയും പൊലീസ് കേസെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി ബല്‍ത്തങ്ങാടിയില്‍ ബി.ജെ.പി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു എം.എല്‍.എയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ ബല്‍ത്തങ്ങാടി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എം.എല്‍.എക്കു പുറമെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജയന്ത് കൊട്ടിയനെതിരേയും പൊലീസ് ഐ.പി.സി 153, 153 എ, 505 വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ സംഭവത്തില്‍ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

webdesk11: