X

ചാരവൃത്തി: അമേരിക്കക്ക് കടുത്ത തിരിച്ചടിയുമായി ചൈന; വധിച്ചത് സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ

വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസിന്റെ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടിയതായി റിപ്പോര്‍ട്ട്. 2010-2012 കാലയളവില്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചതായ വിവരമാണ് ഇപ്പോള്‍ പുറത്തായിരുക്കുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ചാരപ്രവര്‍ത്തിയില്‍ വിദഗ്തരായ അമേരിക്കക്ക് അടുത്ത കാലത്തിനിടെ ഏല്‍ക്കുന്ന വന്‍ തിരിച്ചടിയായാണ് സംഭവത്തെ വിലയിരുത്തുന്നത്. ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ചിലരെ ചൈന തടങ്കലിലാക്കിയതായും വെളിപ്പെടുത്തലിലുണ്ട്.

ചൈനീസ് സര്‍ക്കാരിന് അകത്തെ വിവരങ്ങള്‍ 2010 മുതല്‍ അമേരിക്കന്‍ ഏജന്‍സികള്‍ക്ക് കിട്ടാതാതായെന്നും 2011 മുതല്‍ അമേരിക്കക്ക് വിവരം നല്‍കിയിരുന്നവരെ സംബന്ധിച്ച വിവരം പോലും സിഐഎക്ക് ലഭിക്കാതായെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ നിഗൂഢമായ അമേരിക്കന്‍ ചാരവലയത്തെ സംബന്ധിച്ച വിവരം ചൈനക്ക് ലഭിച്ചതെങ്ങനെയെന്ന് സിഐഎയ്ക്ക് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന്് റിപ്പോര്‍ട്ട് പറയുന്നു. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസിന്റെ ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതല്ല സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാകാമെന്നും വെളിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ പറയുന്നു.

chandrika: