ലണ്ടന്‍: ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ നഴ്‌സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി. ക്രൂരവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ കൊലപാതകങ്ങളാണ് 33കാരിയായ നഴ്‌സ് നടത്തിയതെന്ന് വിചാരണ കോടതി ജഡ്ജി ജസ്റ്റിസ് ഗോസ് കെസി പറഞ്ഞു. ദുര്‍ബലരായ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ പ്രതി രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്നും ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള ഘടകങ്ങളൊന്നും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. രോഗബാധിതരും മാസം തികയാതെ ജനിക്കുകയും ചെയ്ത ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതോടൊപ്പം മറ്റ് ആറു പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ വിധിക്കുമ്പോള്‍ ലെറ്റ്ബി കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതിയെ നിര്‍ബന്ധിച്ച് ഹാജരാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. മറ്റ് 30 കുഞ്ഞുങ്ങളുടെ മരണത്തില്‍ കൂടി ലെറ്റ്ബിക്ക് പങ്കുള്ളതായി സശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. 2015നും 2016നുമിടയ്ക്ക് നവജാത ശിശുക്കളുടെ വാര്‍ഡിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഇന്ത്യന്‍ വംശജനായ ശിശുരോഗ വിദഗ്ധര്‍ രവി ജയറാം ഉള്‍പ്പെടെയുള്ള ഡോക്ടമാരുടെ ഇടപെടലാണ് ലൂസിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായകമായത്.
2015 ജൂണില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചതോടെ രവി ജയറാമും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ലൂസിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. നഴ്‌സിനെതിരെ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ആദ്യം അവഗണിക്കുകയായിരുന്നു. ആരോപണങ്ങള്‍ തള്ളിയ മാനേജ്‌മെന്റ് ഡോക്ടര്‍മാരെ നിശബ്ദരാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2016ല്‍ ലൂസിയെ ഡ്യൂട്ടിയില്‍നിന്ന് മാറ്റി. ഇതിനെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. നവജാത ശിശുക്കളുടെ വാര്‍ഡിലുണ്ടായ കൊലപാതക പരമ്പരയെക്കുറിച്ച് 2017ല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചത്. തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച ഉടന്‍ തന്നെ നഴ്‌സിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മൂന്നു കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഡോ. രവി ജയറാം പറയുന്നു. കേസില്‍ ലൂസി കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന ചില കുറിപ്പുകള്‍ നഴ്‌സിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.