മധ്യപ്രദേശിലെ ഉജ്ജൈനില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. ഉജ്ജെനിലെ ബാദ്‌നഗര്‍ സ്വദേശിയായ ദിലീപ് പവാര്‍(45) ആണ് ഭാര്യ ഗംഗ(40) മക്കളായ യോഗേന്ദ്ര(14) നേഹ(17) എന്നിവരെ കൊലപ്പെടുത്തിയത്.
വളര്‍ത്തുനായയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ദിലീപ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നാലെ പ്രതി സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ജീവനൊടുക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞു. ദമ്പതിമാരുടെ മറ്റു രണ്ട് മക്കള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയതിനാല്‍ പിതാവിന്റെ ക്രൂരതയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലര്‍ച്ചെ ഒരുമണിയോടെ ദിലീപ് പവാര്‍ വീട്ടിലെ വളര്‍ത്തുനായയെ പൊതിരെത്തല്ലിയെന്നാണ് പോലീസ് പറയുന്നത്. നായയെ മര്‍ദിക്കുന്നത് കണ്ടാണ് ഭാര്യയും മക്കളും ഇടപെട്ടത്. നായയെ മര്‍ദിക്കുന്നത് നിര്‍ത്തണമെന്നും അതിനെ വെറുതെവിടണമെന്നും ഇവര്‍ പറഞ്ഞു. ഇതോടെ കുപിതനായ പ്രതി ഭാര്യയുമായും മക്കളുമായും തര്‍ക്കമായി. പിന്നാലെ വാള്‍ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ മക്കളായ മറ്റുരണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടിയെന്നും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയശേഷം ദിലീപ് സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതി സ്ഥിരം മദ്യപാനിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഏതാനുംമാസങ്ങളായി പ്രതി ജോലിക്കൊന്നും പോയിരുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തെ ഒരു ചരക്കുവണ്ടിയുടെ ഉടമയായിരുന്നു. അടുത്തിടെ ഈ വാഹനം വിറ്റിരുന്നതായും പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.