തിരുവനന്തപുരം : കിഫ്ബി വഴി മസാലബോണ്ട് വിറ്റഴിച്ചതുമുള്‍പ്പെടെ നടത്തിയ കടമെടുപ്പ് ഭരണഘടനാ ലംഘനമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വി.ഡി സതീശന്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതോടെയാണ് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.
കിഫ്ബി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ മസാല ബോണ്ടുകള്‍ വിറ്റഴിച്ചതുള്‍പ്പെടെയുള്ള കടമെടുപ്പ് ബജറ്റിന് പുറത്തുള്ള കടമെടുപ്പാണെന്നും ഇതു ഭരണഘടനാ ലംഘനമാണെന്നുള്ള സി.എ.ജി റിപ്പോര്‍ട്ട് ഗുരുതരമായ സ്ഥിതി വിശേഷമാണ് സൃഷ്ടിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിനല്‍കിയത് വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.