തിരുവനന്തപുരം: യെസ് ബാങ്കിൽ നിക്ഷേപം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കിഫ്ബി (കേരള അടിസ്ഥാന സൗകര്യവികസന നിധി) സിഇഒ കെ.എം. എബ്രഹാം. യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് അദ്ദേഹം വിശദമാക്കി. കിഫ്ബിക്കെതിരേ ഇഡി അന്വേഷണം തുടങ്ങിയതായി അറിവില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബിയിൽനിന്ന് 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിഇഒ കെ.എം. എബ്രഹാമിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയാണു ചോദ്യം ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചതായി ഇഡി അറിയിച്ചു.
യെസ് ബാങ്കിൽ കിഫ്ബിക്ക് 268 കോടിരൂപ നിക്ഷേപമുണ്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തേ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ ഇത് അവാസ്തവമാണെന്നു ധനമന്ത്രി തോമസ് ഐസക് പിന്നീടു വ്യക്തമാക്കി.