കിഫ്‌ബിയുടെ ടോൾ പിരിവ് അംഗീകരിക്കാനാവില്ല: പി.കെ കുഞ്ഞാലിക്കുട്ടി

വരുമാനമില്ലെങ്കില്‍ എന്തിനാണ് കിഫ്ബിയെന്നും കിഫ്ബി കാരണം എങ്ങോട്ടു തിരിഞ്ഞാലും ടോള്‍പ്പിരിവാകുന്ന അവസ്ഥയാകും കേരളത്തിലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്.ടി.യു സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോന്നിയതൊക്കെ ചെയ്യാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ്. ഭരണകാലത്ത് എത്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളം മുടങ്ങിയിട്ടുണ്ടെന്നായിരുന്നു ചര്‍ച്ചയെങ്കില്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടോ എന്നായിരിക്കുന്നു ചര്‍ച്ച. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഭരണത്തിലെത്തിയപ്പോള്‍ എന്തൊക്കെയോ കാണിക്കുന്നതുപോലെ ഇടതുസര്‍ക്കാരും കിഫ്ബി, ബ്രൂവറിയെന്നൊക്കെ പറഞ്ഞ് എന്തൊക്കെയൊ കാട്ടിക്കൂട്ടുകയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ദരിദ്രസംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് എല്‍.ഡി.എഫ്. ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പ്രസംഗിച്ചു. ഇടതുസര്‍ക്കാര്‍ കേരളത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ സ്വകാര്യവത്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി വിതരണം ചെയ്യുക, ക്ഷേമബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുക, പെന്‍ഷന്‍ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എം റഹ്മത്തുള്ള അധ്യക്ഷനായി. എം.എല്‍.എ.മാരായ എം.കെ.മുനീര്‍, പി.കെ ബഷീര്‍, നജീബ് കാന്തപുരം, ആബീദ് ഹുസൈന്‍ തങ്ങള്‍, എസ്.ടി.യു. ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

webdesk13:
whatsapp
line