X
    Categories: MoreViews

കിഫ്ബിയില്‍ പണമെത്തുന്നില്ല; സര്‍ക്കാര്‍ 1400 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തിനെന്ന പേരില്‍ ധനവകുപ്പ് 1400 കോടി രൂപ കടമെടുക്കുന്നു. കടപ്പത്രത്തിലൂടെ 1400 കോടി സമാഹരിക്കുന്നതിനുളള ലേലം മാര്‍ച്ച് 14ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍.

സംസ്ഥാന ബജറ്റില്‍ ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയിട്ടുള്ള തിനാല്‍ ദൈനംദിന ചെലവിന് പോലും പണമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കടമെടുക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി രൂപീകരിച്ച കിഫ്ബിയില്‍ പ്രതീക്ഷിച്ച നിക്ഷേപം എത്താത്തതും ധനമന്ത്രിക്ക് തിരിച്ചടിയാണ്. കേരളത്തിന് വായ്പയെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പതിനായിരത്തോളം തസ്തികകളും 25,000 കോടിയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന് എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റില്‍ വ്യക്തമല്ല. എല്ലാം കിഫ്ബി മുഖേന നടപ്പാക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെങ്കിലും കിഫ്ബി എങ്ങനെ പണം കണ്ടെത്തുമെന്നോ കിഫ്ബിക്ക് എത്രത്തോളം ധനം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നോ ധനമന്ത്രി വ്യക്തമാക്കിയിട്ടില്ല. കിഫ്ബി മുഖേന 25,000 കോടിയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് അടുത്ത വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ തോമസ് ഐസക് കിഫ്ബിയില്‍ ലക്ഷ്യം വെച്ച 20,000 കോടി രൂപ ഇപ്പോഴും കടലാസിലാണ്. കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് നല്‍കിയ 4000 കോടി രൂപ മാത്രമാണ് കിഫ്ബിയില്‍ ആകെയുള്ള മൂലധനം. സര്‍ക്കാരിനു ലഭിക്കുന്ന റവന്യു,–റവന്യു ഇതര വരുമാനം ശമ്പളവും പെന്‍ഷനും കൊടുക്കാനേ തികയൂ എന്നിരിക്കെ കേന്ദ്ര ഗ്രാന്റും കടമെടുക്കുന്ന പണവും കൊണ്ടാണ് ഈ വര്‍ഷം ഏഴായിരം കോടി രൂപയുടെ പദ്ധതി ഫണ്ടെങ്കിലും സര്‍ക്കാര്‍ കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ റവന്യൂകമ്മി 16,043 കോടി രൂപയാണ്(2.14%). മൂലധന ചെലവ് 9,057 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം ശമ്പളം നല്‍കുന്നതിനായി 31,909.00 കോടി വേണം. പെന്‍ഷന് 18,174 കോടിയും പലിശക്ക് 13,631 കോടിയും വേണ്ടതുണ്ട്. ആകെ വരുമാനത്തിന്റെ 68.08 ശതമാനവും ശമ്പളവും പെന്‍ഷനും പലിശക്കുമാണ് ചെലവിടുന്നത്.
ഇന്ധന സെസായി ലഭിച്ച പണം മാത്രമേയുള്ള കിഫ്ബിയില്‍. ഇക്കുറി പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ ചിട്ടിക്കമ്പനിയായ കെ.എസ്.എഫ്.ഇ വഴി ഏതാനും വര്‍ഷംകൊണ്ട് 12,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കിഫ്ബിയെ സംബന്ധിച്ചു പണമല്ല പ്രശ്‌നം. പണം നിക്ഷേപിച്ചാല്‍ അതു ഫലപ്രദമായി ഉപയോഗിക്കും എന്നു നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കലാണ്. ആ ഉറപ്പു ധനമന്ത്രിക്കുപോലും നല്‍കാന്‍ കഴിയുമോ എന്നു സംശയം. ഇസ്‌ലാമിക്, കേരള ബാങ്ക് എന്നിവയുടെ വിധി കിഫ്ബിക്കു വരുമോ എന്നും ആശങ്കയുണ്ട്.

chandrika: