തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബി പിയര്‍ ഓഡിറ്റിങ്ങും നടത്തിയതെന്ന വിവരങ്ങള്‍ പുറത്ത്. പി വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ ഓഡിറ്റിങ് നടത്തിയതെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്.
കിഫ്ബിയുടെ പിയര്‍ റിവ്യൂ ഓഡിറ്ററായി സൂരി ആന്‍ഡ് കമ്പനിയെ ആണ് നിയമിച്ചതെന്നും ഈ കമ്പനിയുമായി ബന്ധമുള്ള ആളാണ് വേണുഗോപാലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കിഫ്ബിയുടെ 38ാം ബോര്‍ഡ് യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയ രേഖയിലാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകളുള്ളത്. ഇതില്‍ കിഫ്ബിയുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ്ങും പിയര്‍ റിവ്യൂ ഓഡിറ്റിങ്ങും നടപ്പാക്കുന്നതിന് രണ്ട് ഓഡിറ്റിങ് സ്ഥാപനങ്ങളെ നിയമിച്ചതായി വ്യക്തമാക്കുന്നു.
ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരെ നിയമിക്കാറുണ്ടെങ്കിലും പിയര്‍ റിവ്യൂ ഓഡിറ്റര്‍മാരെ നിയമിക്കാറില്ല. ചാര്‍ട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങള്‍ സ്വന്തം ഓഡിറ്റിങ് പ്രവൃത്തികള്‍ വിലയിരുത്താനാണ് പിയര്‍ റിവ്യൂ ഓഡിറ്റിങ് നടത്തുന്നതെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പറയുന്നു. അതിനാല്‍ കിഫ്ബിക്ക് പിയര്‍ റിവ്യൂ നടത്തേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങ് വിലയിരുത്താനായി പിയര്‍ റിവ്യൂ ഓഡിറ്റിങ് നടപ്പാക്കുന്നുവെന്ന് വേണമെങ്കില്‍ കിഫ്ബിക്ക് വിശദീകരിക്കാം. എന്നാല്‍ ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാഗമായ സ്ഥാപനത്തെ തന്നെ കിഫ്ബി ഓഡിറ്റിങ്ങും ഏല്‍പിച്ചുവെന്നതാണ് വ്യക്തമാകുന്നത്.