ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയതോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്‌നമാണ് വൃക്കരോഗം. ഏറെക്കാലം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായാലും രോഗി അത് തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും. അപ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധം രോഗം സങ്കിര്‍ണമായിരിക്കും.
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാണോയെന്ന് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാനാവും. അതിന് വൃക്കരോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. വൃക്കരോഗത്തിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങള്‍ ഇവയാണ്.
1. മൂത്രമൊഴിക്കുന്നതിലെ മാറ്റം
നിങ്ങള്‍ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രത്തില്‍ രക്തം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും എല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.
2. ശരീരത്തില്‍ നീര് വയ്ക്കല്‍
വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ അമിതമായ ഫ്‌ളൂയിഡ് ശരീരത്തില്‍ പല ഇടങ്ങളിലായി അടിയാന്‍ തുടങ്ങും. കൈകള്‍, കാലുകള്‍, സന്ധികള്‍, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാന്‍ ആരംഭിക്കും. നീര് വച്ചയിടത്ത് അമര്‍ത്തുമ്പോള്‍ അവിടം കുറച്ച് നേരത്തേക്ക് കുഴിഞ്ഞിരിക്കും.
3. ക്ഷീണം, തളര്‍ച്ച
വൃക്ക പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാതെ ആകുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും ഒരു ഊര്‍ജ്ജമില്ലാത്ത അവസ്ഥയുമൊക്കെ ഉണ്ടാകും. രക്തത്തിലെ മാലിന്യം പുറന്തള്ളാന്‍ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തില്‍ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
4. പുറം വേദന
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറില്‍ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.
5. ശ്വാസത്തിന് അമോണിയ ഗന്ധം
ശ്വാസത്തിന് അമോണിയ ഗന്ധമുണ്ടാകുന്നതും വായില്‍ ലോഹത്തിന്റേതിന് സമാനമായ രുചിയുണ്ടാകുന്നതും വൃക്കതകരാര്‍ മൂലമാകാം. വൃക്ക പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ രക്തത്തില്‍ യൂറിയയുടെ തോത് ഉയരും. യൂറിയ ഉമിനീരില്‍ അമോണിയയായി മാറുന്നതിനാല്‍ മൂത്രത്തിന് സമാനമായ ഗന്ധം വായില്‍ നിന്നുയരും.
6. എപ്പോഴും തണുപ്പ് തോന്നുക
വൃക്കതകരാര്‍ കൊണ്ടുണ്ടാകുന്ന അനീമിയ ചൂട് പരിതസ്ഥിതിയില്‍ പോലും നിങ്ങള്‍ക്ക് തണുപ്പ് തോന്നിപ്പിക്കും. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.