സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്തിന്. ചൈനയുടെ ചെന്‍ലോങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപണില്‍ മുത്തമിട്ടത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ സ്‌കോര്‍ 22-20, 21-16 നായിരുന്നു ഗുണ്ടൂര്‍ സ്വദേശിയുടെ ജയം. ഈ വര്‍ഷം തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനലുകളിലെത്തുന്ന ശ്രീകാന്തിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ ഇന്തോനേഷ്യ ഓപണ്‍ 24-കാരന്‍ നേടിയിരുന്നു.
ആള്‍ ഇംഗ്ലണ്ട് ഫൈനലിസ്റ്റായ ചൈനയുടെ ഷി യുഖിയെ സെമിയില്‍ തോല്‍പ്പിച്ച് മുന്നേറിയ ശ്രീകാന്തിന് കനത്ത വെല്ലുവിളിയാണ് കലാശപ്പോരില്‍ ചെന്‍ ലോങ് ഉയര്‍ത്തിയത്. നിലവിലെ ഒളിംപിക് ചാമ്പന്യനും രണ്ടുതവണ ലോകചാമ്പ്യനുമായ ചെന്‍ ലോങ് അവസാന നിമിഷം വരെ പോരാടിയാണ് ആദ്യ സെറ്റ് അടിയറവെച്ചത്. രണ്ടാം സെറ്റിന്റെ പകുതിയില്‍ വെച്ചു തന്നെ അഞ്ച് പോയിന്റ് ലീഡ് നേടിയ ശ്രീകാന്ത് പിന്നീട് വിട്ടുകൊടുക്കാതെ കളിച്ച് കിരീടനേട്ടത്തിലെത്തുകയായിരുന്നു.
2015-ല്‍ ചൈന ഓപണും ഇന്ത്യ ഓപണും ഈ വര്‍ഷം ഇന്തോനേഷ്യ ഓപണും നേടിയ ശ്രീകാന്തിന്റെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപണില്‍ ശ്രീകാന്ത് ഇന്ത്യന്‍ താരം സായ് പരിണീതിനോടാണ് ഫൈനലില്‍ തോറ്റത്.