X

മാണി സി. കാപ്പനെതിരെ ഗുരുതര ആരോപണം; കിയാലില്‍ ഓഹരി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി

കൊച്ചി: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ (കിയാല്‍) ഓഹരി വാഗ്ദാനം ചെയ്ത് എന്‍.സി.പി നേതാവും പാലാ ഉപതരെഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാണി സി. കാപ്പന്‍ കോടികള്‍ തട്ടിയതായി ആരോപണം. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേനോന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ദിനേശ് മേനോനാണ് മാണി സി.കാപ്പനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്ത് വന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലാത്താണ് മാണി സി. കാപ്പനെ പരിചയപ്പെടുന്നത്. അന്ന് കിയാലിന്റെ ഓഹരി വാഗ്ദാനം ചെയ്ത് കാപ്പന്‍ തന്റെ മകനില്‍ നിന്നും മൂന്ന് കോടി രൂപയും തന്റെ പക്കല്‍ നിന്ന് 50 ലക്ഷം രൂപയും വാങ്ങുകയായിരുന്നു. തുടര്‍ന്ന് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ തന്നെ പങ്കെടുപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതിന്റെ യാതൊരു വിവരവുമില്ലാതായതോടെ മാണി സി. കാപ്പനെ ബന്ധപ്പെട്ടെങ്കിലും കിയാലിന്റെ ഓഹരി പങ്കാളിത്തം തങ്ങളുടെ ഗ്രൂപ്പിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും അത് പല വഴിക്ക് ചെലവായെന്നായിരുന്നു മറുപടി. നിരന്തരമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. പണം തിരികെ ലഭിക്കുന്നതിനായി സി.ബിഐ.ക്ക് കേസ് നല്‍കിയതോടെ 3.25 കോടി രൂപയുടെ നാല് ചെക്കും കുമരകത്തെ അദ്ദേഹത്തിന്റെ സ്ഥലവും ഈടായി നല്‍കി. എന്നാല്‍ നാല് ചെക്കുകളും മടങ്ങിയതോടെ മുംബൈ ബോറിവില്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ശേഷം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഈ സ്ഥലമുപയോഗിച്ച് കാപ്പന്‍ 75 ലക്ഷം രൂപയുടെ മൂന്ന് ലോണ്‍ എടുത്തതായി അറിഞ്ഞു. ഇതോടെ ആ വഴിയും അടയുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.
ഈ സംഭവത്തില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇപ്പോഴും കേസ് നടന്നു വരികയാണ്. പണം തിരികെ ലഭിക്കുന്നതിന് എന്‍.സി.പി സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇതിനുള്ള കാര്യങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അത് അവസാനിച്ചു. പിന്നീട് പീതാംബരന്‍ മാസ്റ്ററെ നേരില്‍ കണ്ടെങ്കിലും മാണി സി. കാപ്പന്‍ പാര്‍ട്ടിയുടെ ട്രഷറര്‍ ആണെന്നും അദ്ദേഹം ഏത് തരത്തില്‍ ഫണ്ട് കൊണ്ടുവരുന്നെന്ന് പാര്‍ട്ടി അന്വേഷിക്കാറില്ലെന്നുമായിരുന്നു മറുപടിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അഞ്ച് കേസുകള്‍ മാണി സി. കാപ്പനെതിരെ ഈ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്. പണം ലഭിക്കുമെന്ന പ്രതീക്ഷ കൊണ്ടാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത് എന്നാല്‍ അത് ഉടനെ നടക്കില്ലെന്ന് ബോധ്യമായതോടെയാണ് ഇപ്പോള്‍ ഇത് പറയേണ്ടി വന്നതെന്നും ദിനേശ് മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Test User: