ന്യൂഡല്‍ഹി: തെന്നിന്ത്യയിലെ സൂപ്പര്‍ താരവും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവില്‍ നടി ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ട നടി ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ആഭ്യൂഹങ്ങള്‍ക്കിടെയാണ് നടപടി.
ബിജെപിയില്‍ ചേരുമെന്നു അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്. ബിജെപി അധ്യക്ഷന്‍ നദ്ദയടക്കം ദേശീയ നേതാക്കളെ കാണുന്നതിനായാണ് ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ നീക്കങ്ങളാകും ഇതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ് നാട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നടി കത്ത് നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ താരം വിസമ്മതിച്ചു. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നുമാണ് ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണും നടി ബിജെപി പാളയത്തില്‍ ഉടനെത്തുമെന്നുമുള്ള പ്രചാരണങ്ങള്‍ നടി നേരത്തെ നിഷേധിച്ചിരുന്നു. അതിനിടെ, കടുത്ത സംഘ്പരിവാര്‍ വിരുദ്ധയായ നടിയുടെ മുന്‍ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. സങ്കികള്‍ മങ്കികളാണെന്നായിരുന്നു താരത്തിന്റെ ഒരു ട്വീറ്റ്.
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ഡിഎംകെ അധികാരത്തിലുള്ളപ്പോഴായിരുന്നു ഇത്. പിന്നീട് 2014ലാണ് ഇവര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത്. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനം. തനിക്കിപ്പോഴാണ് വീട്ടിലേക്കെത്തിയതെന്ന് അനുഭവപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നുമായിരുന്നു അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഖുശ്ബുവിന്റെ ബിജെപി പ്രവേശനം വീണ്ടും ചര്‍ച്ചയായത്.