അഷ്‌റഫ് ആളത്ത്
ദമ്മാം: സഊദി കെ എം സി സി ഖതീഫ് സെന്‍ട്രല്‍കമ്മിറ്റി 37ാം വാര്‍ഷികം ആഘോഷിക്കുന്നു. 2023 ഫിബ്രുവരി 24 ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മര്‍ഹൂം അഷ്‌റഫ് ചാലാട് നഗറില്‍ നടക്കുന്ന പരിപാടിയില്‍ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഷിബു മീരാന്‍,മഹാരാഷ്ട്ര സ്‌റ്റേറ്റ് മുസ്ലിംലീഗ് ട്രഷറര്‍ സി എച്ച്.ഇബ്രാഹിംകുട്ടി എന്നിവരും സംബന്ധിക്കും.
സൗദി കെഎംസിസി ദേശീയതലത്തില്‍ നിലവില്‍വന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ച ഖത്തീഫ് കെ എം സി സിക്ക് പ്രവാസി ക്ഷേമരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും നിരവധി സേവനങ്ങള്‍ നിര്‍വ്വഹിക്കാനായിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ഖത്തീഫ് ടൗണ്‍ ,അനക്ക്,അല്‍ജിഷ്,ഔജാം, ഉമ്മുസാഹിഖ്, അവാമിയ, തുര്‍ക്കിയ, ഫിഷ് മാര്‍ക്കറ്റ് എന്നിങ്ങനെ വിവിത ഏരിയ കമ്മിറ്റികളും കര്‍മ്മ നിരതമാണ്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സി എച്ച് സെന്ററുകള്‍, ഡയാലിസിസ് സെന്ററുകള്‍ എന്നിവക്ക് നിര്‍ലോഭമായ സഹായങ്ങള്‍ ഖത്തീഫ് കമ്മിറ്റി നല്കിപ്പോരുന്നുണ്ട്.
കൂടാതെ 20 ലക്ഷത്തിലേറെ രൂപയുടെ വാര്‍ഷിക ബജറ്റാണ് മറ്റിതര ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാത്രമായി വകയിരുത്തിപ്പോരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് ആവശ്യമായ വിവരസാങ്കേതിക സംവിധാനങ്ങള്‍, കോഴിക്കോട് സിഎച് സെന്ററിന് ആംബുലന്‍സ്, ബൈത്തുറഹ്മ, നിര്‍ദ്ധന കുടുംബത്തിലെ കുട്ടികള്‍ക്ക് പഠന സഹായം, വിവാഹധന സഹായം, കുടിവെള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി അനേകം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലയളവില്‍ ഖത്തീഫ് കമ്മിറ്റിക്ക് നേതൃത്വം നല്‍കാനായിട്ടുണ്ട്.
കമ്മിറ്റിയുടെ 37ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ‘നവലോകം നല്ല വിചാരം’ എന്ന പ്രമേയത്തില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി ഏരിയ സമ്മേളനം, മെഡിക്കല്‍ ക്യാമ്പ്, സ്‌പോര്‍ട്‌സ് മീറ്റ്, നിയമ ബോധവല്‍ക്കരണം തുടങ്ങിയവയും സംഘടിപ്പിക്കപ്പെട്ടു.
നിസ്തുലമായ സേവനങ്ങളിലൂടെ പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച കുഞ്ഞാലി മേല്‍മുറിക്ക് അഷ്‌റഫ് ചാലാട് സ്മാരക പുരസ്‌കാരവും ബീമാപള്ളി റഷീദിന് കെഎം സീതിസാഹിബ് സ്മാരക പുരസ്‌കാരവും സമ്മേളനത്തില്‍ വെച്ച് കൈമാറും.
തുടര്‍ന്ന് നടക്കുന്ന ഇശല്‍ വിരുന്നില്‍ പ്രമുഖ ഗായകര്‍ അബ്ദുല്‍ ഹയ്യ്,ഷാഫി കണ്ണൂര്‍, സമീഹ അബ്ദുസ്സമദ് എന്നിവര്‍ അണിനിരക്കും. ഇവരുടെ നേത്യുത്വത്തില്‍ പ്രവാസി ഗായകര്‍ക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നും വിജയികളെ മര്‍ഹൂം എ വി മുഹമ്മദ് സ്മാരക പുരസ്‌കാരം നല്‍കി വേദിയില്‍ ആദരിക്കു മെന്നും സംഘാടകര്‍ അറിയിച്ചു.
ദമ്മാമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സിപി ശരീഫ്, ജനറല്‍ സെക്രട്ടറി മുഷ്താഖ് പേങ്ങാട്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി ടി കരീം വേങ്ങര , അബ്ദുല്‍ അസീസ് കാരാട്, അമീന്‍ കളിയിക്കാവിള,മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലാമി താനൂര്‍ സംബന്ധിച്ചു.