X
    Categories: indiaNews

ഖാര്‍ഗെയോ തരൂരോ; കോണ്‍ഗ്രസ് അധ്യക്ഷനെ ഉച്ചയോടെ അറിയാം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. തരൂര്‍ – ഖാര്‍ഗെ പോരാട്ടത്തിലെ വിജയിയെ നിര്‍ണയിക്കുന്ന വോട്ടെണ്ണല്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് രാവിലെ തന്നെ ആരംഭിച്ചിരുന്നു.തിങ്കളാഴ്ചയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള സംഘടനാ വോട്ടെടുപ്പ് നടന്നത്. 37 സ്ഥലങ്ങളിലായി 67 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. ഇവിടെനിന്നുള്ള ബാലറ്റ് ബോക്‌സുകള്‍ തിങ്കളാഴ്ച രാത്രി തന്നെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തിത്തുടങ്ങിയിരുന്നു.

ഇന്നലെ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നുള്ള ബാലറ്റ് പെട്ടികള്‍ എത്തി. പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോങ് റൂമിലാണ് മുദ്രവച്ച ബാലറ്റ് ബോക്‌സുകള്‍ സൂക്ഷിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് കാലത്ത് സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കൗണ്ടിങ് ടേബിളുകളില്‍ എത്തിച്ചാണ് വോട്ടെണ്ണുക. ബാലറ്റ് ബോക്‌സുകള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയിലേക്ക് ഒഴുകുന്നുണ്ട്. ഖാര്‍ഗെയും തരൂരും എ.ഐ.സി.സി ആസ്ഥാനത്തെത്തുമെന്നാണ് വിവരം. 22 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ തിരഞ്ഞെടുപ്പു വഴി പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നത്. ജയിക്കുന്നത് ആരായാലും നീണ്ട ഇടവേളക്കു ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുന്നുള്ള ഒരാള്‍ അധ്യക്ഷ പദവിയില്‍ എത്തുന്നതിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

 

Test User: