കാനഡയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജർ പദ്ധതിയിട്ടത് എന്നാണ് വിവരം.2015 ൽ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇൻറലിജിൻസ് റിപ്പോർട്ടിലുണ്ട്. ഖലിസ്ഥാൻവാദി നേതാവായ നിജ്ജർ കാനഡയിൽ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ൽ പട്യാലയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 4 പേർക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജറിന് പങ്കുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ വെളിപ്പെടുത്തുന്നു.കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.