X

കാക്കിയണിഞ്ഞ കഠിന ഹൃദയം

ടി.കെ പ്രഭാകരകുമാര്‍

ലഭിക്കുന്ന പരാതികളുടെ ഗൗരവവും പ്രാധാന്യവും മനസിലാക്കാതെ മുന്‍വിധികളോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനം കേരളത്തില്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയാണ്. പല പൊലീസ് സ്റ്റേഷനുകളിലും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന പരാതികളുടെ അനന്തരഫലങ്ങള്‍ അക്രമങ്ങളായും കൊലപാതകങ്ങളായും ആത്മഹത്യകളായും മാറുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ ഇടപെടലുകള്‍ കാരണം ശരിയായ അന്വേഷണം നടക്കാതിരിക്കുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യാവകാശലംഘനങ്ങള്‍ സാര്‍വത്രികമാകുന്നു. പൊലീസിനോട് പൊതുസമൂഹത്തിനുള്ള വിശ്വാസത്തിന് കാര്യമായ ഇടിവ് സംഭവിക്കാന്‍ ഇതെല്ലാം കാരണമായിത്തീരുകയും ചെയ്യുന്നു.

മലപ്പുറത്ത് നിരപരാധിയായ പതിനെട്ടുകാരന്‍ പോക്‌സോ കേസില്‍ പ്രതിയായി ദിവസങ്ങളോളം ജയിലില്‍ കിടക്കാന്‍ ഇടവന്നത് പൊലീസ് അന്വേഷണത്തില്‍ സംഭവിച്ച ഗുരുതര പിഴവ് കാരണമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതായിരുന്നു പതിനെട്ടുകാരനെതിരെ ചുമത്തപ്പെട്ട കുറ്റം. പെണ്‍കുട്ടിയുടെ പരാതി ലഭിച്ച ഉടന്‍ യാതൊരു അന്വേഷണവും നടത്താതെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ്‌ചെയ്തു. പ്രതിയാക്കപ്പെട്ട ആളെ ക്രൂരമായി മര്‍ദിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു. റിമാന്റിലായി ആഴ്ചകളോളം ജയിലില്‍ കിടന്ന പതിനെട്ടുകാരന്‍ പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞത് ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നതോടെയാണ്. ജയിലില്‍ നിന്നിറങ്ങിയ പതിനെട്ടുകാരന്‍ പൊലീസിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. താന്‍ തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യവുമായി ധീരതയോടെയാണ് പ്രതികൂല സാഹചര്യങ്ങളെ ആ പതിനെട്ടുകാരന്‍ നേരിട്ടത്. തന്നെ ക്രൂശിച്ച നിയമവ്യവസ്ഥയോടുള്ള അടങ്ങാത്ത രോഷവും അവന്റെ മനസിന് കരുത്തുപകര്‍ന്നു. ദുര്‍ബലമനസുള്ള ഒരു വ്യക്തിയാണ് വ്യാജ പോക്‌സോ കേസില്‍ ഉള്‍പ്പെട്ടിരുന്നതെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു. ഇതിന് മുമ്പ് അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. കുടുംബത്തിന് മുമ്പിലും സമൂഹത്തിനുമുമ്പിലും വ്യക്തിത്വം നഷ്ടപ്പെട്ട് അപമാനഭാരത്തോടെ ജീവിക്കേണ്ടിവരുന്നതില്‍ മനംനൊന്ത് മലപ്പുറത്തെ പതിനെട്ടുകാരന്‍ ജീവനൊടുക്കിയിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്ന് ചിന്തിക്കണം. കടുത്ത മാനസിക സംഘര്‍ഷത്തില്‍പെട്ട് മനോനില തെറ്റിയ വ്യക്തിയായി മാറിയിരുന്നെങ്കില്‍ അതിനെന്ത് പരിഹാരം കാണുമായിരുന്നു. ഇത്രയുംനാള്‍ അനുഭവിച്ച മാനസിക വേദനയ്ക്കും വ്യക്തിഹത്യക്കും നഷ്ടപരിഹാരമായി എന്താണ് നല്‍കാന്‍ സാധിക്കുക. പോക്‌സോ കേസുകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ആക്ഷേപം പൊതുവെ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ഒരു നിരപരാധി ഇത്തരമൊരു കേസില്‍ പ്രതിയാക്കപ്പെട്ടതെന്നത് ഏറെ ഗൗരവമര്‍ഹിക്കുന്ന വിഷയമാണ്. വ്യാജ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെയും പ്രതി കുറ്റവാളിയാണോയെന്ന് കോടതിയില്‍ തെളിയിക്കപ്പെടുന്നതിന്മുമ്പ് സൂപ്പര്‍ കോടതി ചമഞ്ഞ് തന്നിഷ്ടപ്രകാരം ശിക്ഷാമുറകള്‍ പ്രദര്‍ശിപ്പിച്ച പൊലീസുകാര്‍ക്കുമെതിരെ നടപടിയുണ്ടാകുമോ.

തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് തോ ന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസുള്ള മകളെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത പിങ്ക് പൊലീസിന്റെ നടപടി കടുത്ത പ്രതിഷേധത്തിനാണ് ഇടവരുത്തിയത്. പൊലീസുകാരിയുടെ ക്രൂരമായ പെരുമാറ്റം കണ്ട് പിഞ്ചുകുഞ്ഞ് ഭയചകിതയാകുകയായിരുന്നു. ജയചന്ദ്രനെയും കുട്ടിയെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പൊലീസുകാരി നടത്തിയ പരസ്യവിചാരണ കേരളത്തിന്റെ നിയമപാലനചരിത്രത്തിലുണ്ടാക്കിയത് തീര്‍ത്താല്‍തീരാത്ത കളങ്കമാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന സമൂഹത്തിന് സംരക്ഷണവും ആശ്വാസവും നല്‍കാന്‍ ഉത്തരവാദപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥയാണ് പിഞ്ചുകുഞ്ഞിനോട് പോലും നികൃഷ്ടമായി പെരുമാറിയത്. മൊബൈല്‍ ഫോണ്‍ പൊലീസുകാരിയുടെ ബാഗില്‍ നിന്നും ലഭിച്ചതോടെയാണ് ആരും മോഷ്ടിച്ചിട്ടില്ലെന്നും ജയചന്ദ്രനും കുട്ടിയും നിരപരാധികളാണെന്നും വ്യക്തമായത്. തന്റെ ഭാഗത്തുനിന്നാണ് അബദ്ധം സംഭവിച്ചതെന്നു വ്യക്തമായിട്ടും അപമാനിതനായ വ്യക്തിയോട് ക്ഷമ ചോദിക്കാനുള്ള സൗമനസ്യംപോലും നിയമപാലകയില്‍ നിന്നും ഉണ്ടായിട്ടില്ല.

ആള്‍ക്കൂട്ടത്തിന്മുന്നില്‍ നടന്ന മനുഷ്യമനസാക്ഷിയെ വേദനിപ്പിക്കുന്ന ഈ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നുമാത്രമല്ല പൊലീസുകാരിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഈ സ്ഥലം മാറ്റം ആ പൊലീസുകാരിക്ക് ശിക്ഷയല്ല അനുഗ്രഹമാണെന്നാണ് അറിയാന്‍ സാധിച്ചത്. വീട്ടില്‍ പോയിവരാനുള്ള സൗകര്യംകൂടി ഒത്തുകിട്ടിയതോടെ പൊലീസുദ്യോഗസ്ഥയുടെ തെറ്റായ ചെയ്തിക്ക് അധികാരികള്‍ പ്രോത്സാഹനം നല്‍കിയിരിക്കുകയാണ്.

തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ അമിതവേഗതയ്ക്ക് പൊലീസ് വിധിച്ച പിഴ അടക്കാന്‍ വൈകിയതിന്റെ പേരില്‍ ദമ്പതികളുടെ മൂന്നുവയസുള്ള കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട ക്രൂരതയും സമാനതയില്ലാത്തതാണ്. അടയ്ക്കാന്‍ ആവശ്യപ്പെട്ടത്ര പണം പിഴയായി നല്‍കാന്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ ദമ്പതികളെ പൊലീസുകാര്‍ കാറില്‍ നിന്നിറക്കുകയും പിന്‍സീറ്റിലുണ്ടായിരുന്ന കുഞ്ഞിനെ പുറത്തുകടക്കാന്‍ അനുവദിക്കാതെ ഡോറുകള്‍ പൂട്ടി താക്കോല്‍ കൈവശപ്പെടുത്തുകയുമായിരുന്നു. ദമ്പതികള്‍ ആരോടോ പണം കടംവാങ്ങി പിഴയൊടുക്കിയതോടെയാണ് കാറിന്റെ താക്കോല്‍ തിരി ച്ചുനല്‍കിയത്. ഒരു മണിക്കൂര്‍ കാറിനകത്ത് ഭയന്നുവിറച്ച് കരഞ്ഞ കുഞ്ഞിന്റെ ദയനീയാവസ്ഥ പൊലീസുകാരില്‍ മനസലിവുണ്ടാക്കിയില്ലെന്നറിയുമ്പോള്‍ പിന്നെ സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ഇവര്‍ പണിയെടുക്കുന്നത് ആരുടെ സംരക്ഷണത്തിനുവേണ്ടിയാണെന്ന ചോദ്യമാണ് ശക്തമായി ഉയരേണ്ടത്. ദമ്പതികള്‍ക്ക് പിഴയടക്കാന്‍ പണം ലഭിച്ചിരുന്നില്ലെങ്കില്‍ ആ കുഞ്ഞിന്റെ അവസ്ഥ എന്താകുമായിരുന്നു. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിലും കേസെടുക്കാനുള്ള വകുപ്പൊന്നും ബാലാവകാശ കമ്മീഷന്‍ കാണുന്നില്ല.

ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂരമര്‍ദനത്തിനും പീഡനത്തിനും ഇരയായതിനെതുടര്‍ന്ന്പയ്യന്നൂര്‍ കോറോത്തെ കെ.വി സുനിഷ ജീവനൊടുക്കിയ സംഭവത്തിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം തെളിഞ്ഞുകാണുന്നുണ്ട്. ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സുനിഷ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ പൊലീസ് മധ്യസ്ഥ വേഷം കെട്ടുകയാണ് ചെയ്തത്. പരാതിയെ പൊലീസ് നിസ്സാരമായി കണക്കാക്കി അലംഭാവത്തോടെ ഇടപെട്ടതുകൊണ്ടാണ് സുനിഷക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. പീഡനവും മര്‍ദനവും സഹിക്കാവുന്നതിലും അപ്പുറമായതുകൊണ്ടാണ് സുനിഷ അവസാനത്തെ ആശ്രയം എന്ന നിലക്ക് പൊലീസിനെ സമീപിച്ചത്. തനിക്ക് നീതി കിട്ടുമെന്ന വിശ്വാസം കൊണ്ടായിരുന്നു ആ യുവതി രേഖാമൂലം പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ കേസെടുക്കുന്നതിന്പകരം പരാതിക്കാരിയെയും ഭര്‍ത്താവിനെയും രണ്ടുപേരുടെയും വീട്ടുകാരെയും വിളിപ്പിച്ച് പൊലീസ്‌സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനാണ് നിയമപാലകര്‍ തയ്യാറായത്. ഇനി സുനിഷയെ ഉപദ്രവിക്കില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും പൊലീസിന് ഉറപ്പ് നല്‍കുകയും ഇതോടെ കേസ് ഒഴിവാക്കപ്പെടുകയും ചെയ്തു. സ്വന്തം വീട്ടുകാരും സനിഷയെ ഭര്‍തൃവീട്ടില്‍ തന്നെ തുടരാനാണ് നിര്‍ബന്ധിച്ചത്. പൊലീസില്‍ പരാതി നല്‍കിയ വിരോധം കൂടിയായതോടെ ഭര്‍തൃവീട്ടില്‍ സനിഷക്കെതിരായ പീഡനം ഇരട്ടിയാവുകയായിരുന്നു. കൊല്ലത്ത് സ്ത്രീധനപ്രശ്‌നത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അക്രമത്തിനും പീഡനത്തിനും ഇരയായ വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ വിസ്മയയും പരാതി നല്‍കിയിരുന്നതാണ്. പൊലീസാകട്ടെ കേസെടുക്കാതെ ഒത്തുതീര്‍പ്പ്ചര്‍ച്ചകള്‍ നടത്തുകയും കേസെടുക്കുകയെന്ന നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. പീഡനത്തിനും അതിക്രമത്തിനും ഇരയാകുന്ന സ്ത്രീകള്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തേണ്ടെന്നും വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും സംസ്ഥാനത്തെ പല പൊലീസ്‌സ്റ്റേഷനുകളിലും ഗാര്‍ഹിക പീഡനവിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് നീതിയും സംരക്ഷണവും കിട്ടുന്ന രീതിയിലുള്ള ഇടപെടലല്ല നടത്തുന്നത്. സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങള്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡന പരാതികള്‍ ഉന്നയിക്കപ്പെടുന്നതെങ്കില്‍ അത്തരം കുടുംബങ്ങളുടെ സാമ്പത്തികസ്വാധീനവലയത്തില്‍പെട്ട് പരാതിക്കാരായ സ്ത്രീകള്‍ക്കെതിരായ നിലപാടുകളെടുക്കുന്ന പൊലീസുദ്യോഗസ്ഥര്‍ നിരവധിയാണ്. ഈ വിഭാഗത്തിലുള്ള പൊലീസുദ്യോഗസ്ഥര്‍ക്കാണ് സ്റ്റേഷന്‍ ചുമതലയെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുകയില്ല. ബോധപൂര്‍വമായ മുന്‍വിധികളോടെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത് പരാതിക്കാരിയെ ഉപദ്രവകാരികളായ ഭര്‍തൃവീട്ടുകാര്‍ക്കിടയിലേക്ക് തന്നെ പൊലീസ് എറിഞ്ഞുകൊടുക്കുന്നു. തെറ്റ് ചെയ്യുന്നവരും തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരുമായ പൊലീസുകാരെ കര്‍ശനമായി ശിക്ഷിക്കാനുള്ള ആര്‍ജവം അധികാരിവര്‍ഗങ്ങള്‍ക്കുണ്ടാകണം. നിയമത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ പെരുമാറുന്ന പൊലീസുകാരെ തിരുത്തി മാത്രമേ സര്‍വീസില്‍ തുടരാന്‍ അനുവദിക്കാവൂ. തുടര്‍ന്നും തെറ്റുകള്‍ ആവര്‍ത്തിക്കുന്നവരെ സര്‍വീസില്‍ നിന്നുതന്നെ പിരിച്ചുവിടുകയും വേണം.

 

Test User: