ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പുറത്താക്കി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഈ വര്‍ഷത്തെ കലണ്ടറിലും ടേബിള്‍ ഡയറിയിലുമാണ് മോദിയുടെ ചിത്രം ഇടം പിടിച്ചത്. മഹാത്മാഗാന്ധി നൂല്‍ നൂല്‍ക്കുന്ന അതേ മാതൃകയില്‍ വലിയ ചര്‍ക്കയില്‍ മോദി നൂല്‍നൂല്‍ക്കുന്ന ചിത്രമാണ് കലണ്ടറിലുള്ളത്. ലളിതമായ വസ്ത്രം ധരിച്ചാണ് ഗാന്ധിജി നൂല്‍നൂറ്റിരുന്നതെങ്കില്‍ മോദി തന്റെ ഇഷ്ട വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ച് നൂല്‍നൂല്‍ക്കുന്ന ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗാന്ധിജിയെ പുറത്താക്കി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ രംഗത്തെത്തി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി തൊഴിലാളികള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ഗാന്ധി ചിത്രം മാറ്റിയതില്‍ പ്രതിഷേധിച്ച് കലണ്ടര്‍ തിരിച്ചയക്കുമെന്ന് മുംബൈയിലെ ഒരു വിഭാഗം ജീവനക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കലണ്ടറിലും ഡയറിയിലും മോദിയുടെ ചിത്രം നല്‍കിയതിനെ ന്യായീകരിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന രംഗത്തുവന്നു. നരേന്ദ്രമോദി ദീര്‍ഘകാലമായി ഖാദി ധരിക്കുന്നയാളാണെന്നും ജനങ്ങള്‍ക്കിടയിലും ലോക നേതാക്കള്‍ക്കിടയിലും ഖാദി പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും സക്‌സേന ന്യായീകരിച്ചു.