X

സംശയമുള്ളവര്‍ പറഞ്ഞു തരണം, നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും സി.പി. എം പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഖാദര്‍ പാലാഴി

തെരഞ്ഞെടുപ്പാന്‍ കാലത്ത് വര്‍ഗീയത കുത്തിയിളക്കിയാല്‍ വോട്ട് കുമിഞ്ഞുകൂടും എന്ന പരീക്ഷണം രാജ്യമാകെ വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത് ബി.ജെ.പി ആണെങ്കിലും സി.പി. എം അക്കാര്യത്തില്‍ നിഷ്‌ക്കളങ്കരാണ് എന്ന് പിറകോട്ട് തിരിഞ്ഞു നോക്കുന്നവരാരും പറയില്ല. അത് പറയും മുമ്പ് ഒരു ഗുജറാത്ത് പരീക്ഷണത്തെക്കുറിച്ച് പറയാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് നരേന്ദ്ര മോദി പ്രചാരണ കാലത്ത് പറഞ്ഞു നടന്നിരുന്നു. അതിനായി മന്‍മോഹന്‍സിംഗ് പാക്കിസ്താന്‍ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് കൂടി മോദി പറഞ്ഞതോടെ മിക്ക ബാലറ്റ് പെട്ടികളും തുറന്ന് നോക്കിയപ്പോള്‍ താമര മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടി – കുഞ്ഞുമാണി – കുഞ്ഞൂഞ്ഞ് എന്ന് പറഞ്ഞ് നടന്നിരുന്നത് പൂജനീയ ‘ഋഷിതുല്ല്യന്‍’ ആയിരുന്നില്ല. ലക്ഷ്യം ഹിന്ദു വോട്ട് സമാഹരണമായിരുന്നു.
എന്നാല്‍ 2021 ആയപ്പോഴേക്ക് കേരളത്തില്‍ ക്രിസ്ത്യന്‍ – മുസ്ലിം ബന്ധത്തില്‍ വിള്ളല്‍ വീണു. അപ്പോള്‍ പിന്നെ പ്രചാരണ മുദ്രാവാക്യം ഉടച്ചു വാര്‍ക്കണം. ഉടച്ചു വാര്‍ത്തു. ഡഉഎ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞു നടന്നിരുന്നത് പൂജനീയ വത്സന്‍ തില്ലങ്കേരി ആയിരുന്നില്ല. അദ്ദേഹത്തിന്റെ നാട്ടിലുള്ള മറ്റൊരാളായിരുന്നു. ഫലമോ ഒരു ചൂണ്ടയിട്ടപ്പോള്‍ രണ്ട് മീന്‍ കൊത്തി. ഹിന്ദു വോട്ടിനൊപ്പം ക്രിസ്ത്യന്‍ വോട്ടും കിട്ടി. സംശയമുള്ളവര്‍ പറഞ്ഞു തരണം നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് .
വര്‍ഗീയത ഇളക്കി മറിച്ച് വോട്ടാക്കുന്നതില്‍ സി.പി.എമ്മിന് പക്ഷേ ഒരു സെക്യൂലര്‍ സമീപനമുണ്ട്. തരാതരം എല്ലാ വര്‍ഗീയതയേയും അത് ഇളക്കി മറിക്കും.
കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കുറച്ച് മുമ്പ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ കേരളമാകെ ഞെട്ടിത്തെറിച്ചു. ലക്ഷ്യം നടേ പറഞ്ഞത് തന്നെ. 1980 കളിലെ ശരീഅത്ത് വിവാദ കാലത്ത് പാര്‍ട്ടിക്ക് ഹൈന്ദവ വോട്ട് കിട്ടിയെങ്കില്‍ കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള ഏക സിവില്‍ കോഡ് വിവാദത്തില്‍ പാര്‍ട്ടി ലക്ഷ്യമാക്കുന്നത് മറ്റൊരു വോട്ടാണ്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടി കളിക്കുന്ന കളികളില്‍ തിരിച്ച് പിടിക്കാനില്ലാത്ത വിധം ഹിന്ദു വോട്ടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

 

Chandrika Web: