ചെന്നൈ: ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഇപ്പോഴും അഭിമാനമുണ്ടെന്ന് സംഗീതേതിഹാസം എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍. പൊതുവേദികളില്‍ ബുര്‍ഖ ധരിച്ച് എത്തുന്ന ഇവര്‍ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഖദീജ റഹ്മാന്‍ മനസ്സു തുറന്നത്. ഖദീജ പാടി പുറത്തിറക്കിയ ഫരിഷ്‌തോ എന്ന മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.
‘മുഖം മറച്ചതിന്റെ പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉണ്ടായപ്പോള്‍ ആദ്യം സങ്കടവും പ്രയാസവും തോന്നിയിരുന്നു. വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്’ – ഖദീജ പറഞ്ഞു.
നേരത്തെ ഖദീജയ്‌ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ രംഗത്തുവന്നിരുന്നു. എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടുന്നു എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്ത് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചാണല്ലോ അവര്‍ക്ക് പറയാനുള്ളത് എന്നാണ് ഖദീജ മറുപടി നല്‍കിയിരുന്നത്.
വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ബുര്‍ഖ ധരിച്ച ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.