തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെ.ജി.എം.ഒ.എ. ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസ് രക്തപരിശോധ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.
ഇതിനിടെ ശ്രീറാമിന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതെ മോട്ടോര്‍വാഹനവകുപ്പ് ഒത്തുകളിക്കുന്ന വാര്‍ത്ത പുറത്തു വന്നു. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഇതുവരെ നേരിട്ട് നോട്ടീസ് കൈപ്പറ്റിയിട്ടില്ലന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിന്റ വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.
തുടര്‍ച്ചയായ നിയമലംഘനമുണ്ടെങ്കിലേ ലൈസന്‍സ് റദ്ദാക്കാനാകു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്ന ന്യായം. ഇത് ഒറ്റപ്പെട്ട സംഭവമായതിനാല്‍ ശ്രീറാമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനേ പറ്റൂ. സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ ശ്രീറാമിന്റ വാദം കൂടി കേള്‍ക്കണം. ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ മറ്റൊരാളാണ് കൈപ്പറ്റിയത്. മറുപടി കിട്ടിയിട്ടില്ല. തരുന്നില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കും. വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ല. വാടക്ക്ക് താമസിക്കുന്ന സ്ഥലത്ത് പോയെങ്കിലും കാണാനായില്ല.
രണ്ടുപേരില്‍ നിന്നും വിശദീകരണം കിട്ടാതെ നടപടിയെടുക്കാനാകില്ല. മാത്രമല്ല അപകടമുണ്ടാക്കിയ വാഹനം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും വേണം. വാഹനം പരിശോധിക്കാനായി പൊലീസ് മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയത് മൂന്നുദിവസം മുമ്പാണ്. പരിശോധന റിപ്പോര്‍ട്ടും ശ്രീറാമിന്റെ മറുപടിയും ചേര്‍ത്ത് ശ്രീറാം ലൈസന്‍സെടുത്ത മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി ഓഫീസിലേക്ക് അയച്ചുകൊടുക്കും. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടത് അവിടെയാണ്. എന്നാല്‍ സംഭവം എവിടെയാണോ നടന്നത് അവിടെയാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടതെന്നാണ് മട്ടാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ പറയുന്നത്.