കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാന കൊല തന്നെയാണെന്ന് കോടതി. ഇതുസംബന്ധിച്ച പ്രോസിക്യൂഷന്‍ വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കേസില്‍ ആറു മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ജാതിയുടെ പേരില്‍ കേരളത്തില്‍ ഉണ്ടായ ആദ്യത്തെ കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. 2018ലെ ശാന്തി വാഹിനി കേസ് പോലെ, കെവിന്‍ കേസും പരിഗണിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. ഇത്തരമൊരു ആവശ്യം അംഗീകരിക്കുന്നത് കേസില്‍ മുന്‍വിധിയുണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
24കാരനായ കെവിന്‍ നീനുവെന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. നീനുവിന്റെ സഹോദരന്‍ ഷാനുവാണ് കേസിലെ ഒന്നാം പ്രതി. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ അഞ്ചാം പ്രതിയാണ്. ഇവരുള്‍പ്പടെ കേസില്‍ പത്തു പേര്‍ ഇപ്പോഴും റിമാന്റിലാണ്.