കോട്ടയം: ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓര്‍മകള്‍ മാത്രം ബാക്കിയാക്കി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കെവിന്‍ ജോസഫിന്റെ മൃതദേഹം സംസ്‌കരിച്ചു. കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ ശുശ്രൂകള്‍ക്ക് ശേഷം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കെവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എസ്.എച്ച് മൗണ്ടിലേക്ക് നാടൊന്നാകെ ഒഴികിയെത്തിയിരുന്നു.
ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറി വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കുന്ന ഫോറന്‍സിക് വിഭാഗത്തിലേക്ക് ആരേയും കയറ്റി വിട്ടിരുന്നില്ല. ഇതിനിടെ പ്രകടനമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ മെഡിക്കല്‍ കോളജിനുള്ളില്‍ പ്രവേശിപ്പിക്കാതെ ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി, സി.എസ്.ഡി.എസ്, പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് വളപ്പിനകത്തുകയറി. ഇത് മെഡിക്കല്‍ കോളജിന്റെ പരിസരത്ത് ഹര്‍ത്താല്‍ അനുകൂലികളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കി. സി.പി.എം- സി.എസ്.ഡി.എസ് പ്രവര്‍ത്തകരും തമ്മില്‍ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. സി.എസ്.ഡി.എസ് പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥലത്തെത്തി. മോര്‍ച്ചറിക്കുമുന്നില്‍ സംഘടിച്ചു മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു.