കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും. കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നീനുവിന്റെ പിതാവ് ചാക്കോ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഒന്നു മുതല്‍ നാലു വരെയും, ആറു മുതല്‍ ഒമ്പതു വരെയും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 11,12 പ്രതികളും കേസില്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. കേസ് ദുരഭിമാനക്കൊലയാണെന്ന് ശരിവച്ച കോടതി ഇതോടെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന പ്രോസിക്യൂഷന്‍വാദം കോടതി അംഗീകരിച്ചു. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. അഞ്ചാം പ്രതി ചാക്കോ ജോണ്‍, 10ാം പ്രതി വിഷ്ണു, 13 ഉം, 14 ഉം പ്രതികളായ ഷിനു നാസര്‍, റെമീസ് എന്നിവരെയാണ് കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.