X
    Categories: MoreViews

കെവിന്റെ മരണം: തട്ടിക്കൊണ്ടുപോയ കാറോടിച്ചത് ഡി.വൈ.എഫ്.ഐ നേതാവ്; സ്റ്റേഷനുമുന്നില്‍ എസ്.പിക്ക് മര്‍ദ്ദനം

കോട്ടയം: നവവരന്‍ കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതിനിടെ, സ്റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റാഫിയെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷം പരിഹരിക്കുകയായിരുന്നു.

അതിനിടെ, കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇന്ന് രാവിലെ കെവിന്റെ മൃതദേഹം തെന്മലയില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കെവിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസിലാണ് കെവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് കെവിന്റെ ഭാര്യ പറഞ്ഞതായി മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് പോയ അക്രമിസംഘത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിരുന്നില്ല. തട്ടിക്കൊണ്ടുപോയത് പുനലൂരിലേക്കായിരുന്നുവെന്ന് രക്ഷപ്പെട്ട സുഹൃത്ത് പൊലീസിന് വിവരം നല്‍കിയിരുന്നു. മാരകായുധങ്ങളുമായെത്തിയ പത്തംഗസംഘം വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും ഇയാള്‍ പറയുന്നു.

നേരത്തെ തന്റെ ഭര്‍ത്താവിനെ കാണാതായ പരാതി പൊലീസ് സ്വീകരിക്കുന്നില്ല എന്നാരോപിച്ച് വധു ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും വധു പറയുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്.

chandrika: