കോട്ടയം: കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതെവിട്ടു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.
ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യന്‍, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛന്‍ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവരുമായി പല തവണ ഫോണില്‍ സംസാരിക്കുകയും ചെയ്ത എ.എസ്.ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയില്‍ വിസ്തരിച്ചു. പ്രധാന സാക്ഷികള്‍ എല്ലാം പ്രതികള്‍ക്കെതിരെ മൊഴി നല്‍കി.
തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. 2018 മേയ് 28നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി അവര്‍ കടന്നുകളഞ്ഞു. പിന്നീട് തെന്മലയില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.