X
    Categories: Video Stories

കേശവ് മഹാരാജ് തകര്‍ത്താടി; ദക്ഷിണാഫ്രിക്ക ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചു

കേശവ് മഹാരാജ്

ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. മൂന്നാം ദിനത്തില്‍ തന്നെ അവസാനിച്ച മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്. മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. 40 റണ്‍സിന് എട്ടു വിക്കറ്റെടുത്ത കേശവ് മഹാരാജ് ആണ് കളിയിലെ കേമന്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 268, ദക്ഷിണാഫ്രിക്ക 359. ന്യൂസിലാന്റ് 171, ദക്ഷിണാഫ്രിക്ക രണ്ടിന് 83.

സാധാരണ ഗതിയില്‍ പേസ് ബൗളര്‍മാരെ പിന്തുണക്കുന്ന വെല്ലിങ്ടണിലെ പിച്ചില്‍ 6/40 എന്നത് കേശവ് മഹാരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരുടെ പിന്‍തലമുറയില്‍ പെട്ട കേശവിന്റെ ആറാം ടെസ്റ്റ് ആയിരുന്നു ഇത്. ഒന്നാം ഇന്നിങ്‌സില്‍ മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ നതാല്‍ പ്രവിശ്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ആത്മാനന്ദ് ആണ് കേശവ് മഹാരാജിന്റെ പിതാവ്. അപാര്‍ത്തിഡിനെ തുടര്‍ന്ന് കായിക രംഗത്ത് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കു വേണ്ടി കളിക്കാന്‍ ആത്മാനന്ദിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവും ക്രിക്കറ്ററായിരുന്നു.

ചെറുപ്പത്തില്‍ ഫുട്‌ബോളിനോട് അഭിനിവേശം കാണിച്ചിരുന്ന കേശവ് മഹാരാജ് 13-ാം വയസ്സ് മുതലാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. പേസ് ബൗളറായിട്ടായിരുന്നു തുടക്കം. െ്രെപമറി സ്‌കൂള്‍ ലെവലില്‍ പേസ് ബൗളിങ് ചെയ്തിരുന്ന കേശവ് പിന്നീട് സ്പിന്നിലേക്ക് തിരിയുകയായിരുന്നു.

2006ല്‍ 20ാം വയസ്സില്‍ ക്വാ സുലു നതാല്‍ ടീമിനു വേണ്ടിയാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. 2009ല്‍ ഹോളിവുഡ്‌ബെറ്റ്‌സ് ഡോള്‍ഫിന്‍സിലേക്ക് കളംമാറിയത് നിര്‍ണായകമായി. 2016 നവംബര്‍ മൂന്നിന് ഓസ്‌ട്രേലിയക്കെതിരെ വാക്കയില്‍ രാജ്യാന്തര ടെസ്റ്റില്‍ അരങ്ങേറി. ഈ ഗ്രൗണ്ടില്‍ അരങ്ങേറ്റം കുറിച്ച ആദ്യ സ്പിന്നറാണ് കേശവ് മഹാരാജ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: