X

മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം: ഡോ. ശശിതരൂർ എംപി

മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണമെന്ന് ഡോ. ശശിതരൂർ എംപി. കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയരാനാണ് സാധ്യത.  മത്സ്യ ബന്ധനത്തിന് വേണ്ടി വരുന്ന ചെലവ് നികത്താനുള്ള ലാഭം പോലും പലപ്പോഴും തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നില്ല. ഇതിനു പിന്നാലെ ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

കരിഞ്ചന്തയില്‍ പോലും മണ്ണെണ്ണ കിട്ടാത്ത അവസ്ഥയാണ്. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നാടൻ വള്ളങ്ങൾ കടലിൽ മൽസ്യബന്ധനത്തിനു പോകാൻ കരിഞ്ചന്തയിൽ നിന്നാണ് കൊള്ള വിലയ്ക്ക് മണ്ണെണ്ണ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി കേന്ദ്രസർക്കാർ കേരളത്തിന് മണ്ണെണ്ണ വിഹിതം വർദ്ധിപ്പിച്ചു നൽകണമെന്നും പരമ്പരാഗത മൽസ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു.

തൊഴിലാളികൾ മൽസ്യബന്ധനത്തിനായി പോകുന്ന സമയം വെട്ടിക്കുറച്ച് ജീവിക്കാനായി മറ്റ് ജോലികൾക്ക് പോവുകയാണ്. കേന്ദ്രസർക്കാർ മൽസ്യത്തൊഴിലാളികൾക്ക് എതിരെയുള്ള അവഗണന അവസാനിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

webdesk13: