മുനീര്‍ കാപ്പാട് കോഴിക്കോട്
മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സംയുക്ത പരിശോധന അനന്തമായി നീളുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കടക്കെണിയിലേക്ക്. മണ്ണെണ്ണ കരിഞ്ചന്തയില്‍ നിന്ന് വാങ്ങി നടുവൊടിയുന്ന അവസ്ഥയിലാണിപ്പോള്‍ അവര്‍. എട്ടുവര്‍ഷമായി പെര്‍മിറ്റ് പരിശോധന നടത്താത്തതിനാല്‍ പുതിയ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നില്ല. മത്സ്യഫെഡ്, സിവില്‍ സപ്‌ളൈസ്, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തി പെര്‍മിറ്റ് അനുവദിക്കുന്നത്. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച സംയുക്ത പരിശോധന നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു പെട്ടെന്നു മാറ്റിയത്.
പഴയ പെര്‍മിറ്റുകള്‍ കൂടുതലും കരിഞ്ചന്തക്കാരുടെ കൈകളിലാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ പ്രതിസന്ധിയിലാണ്. ലിറ്ററിന് 92.40രൂപ നിരക്കിലാണ് കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങുന്നത്. ചെറുവള്ളങ്ങള്‍ക്ക് ദിവസം കുറഞ്ഞത് 60 ലിറ്ററെങ്കിലും മണ്ണെണ്ണ വേണം. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ലിറ്ററിനു 90 രൂപയിലധികം വില നല്‍കേണ്ടിവരുന്നു. ഇങ്ങനെ കടലില്‍ പോകാന്‍ ദിവസം ചുരുങ്ങിയത് 5,000 രൂപയെങ്കിലും ഇന്ധനത്തിനു മാത്രം ചെലവഴിക്കേണ്ടി വരും. കടം വാങ്ങി കടലില്‍ പോയാലും മണ്ണെണ്ണയുടെ പണത്തിനുള്ള മത്സ്യം ലഭിക്കാറില്ല.
ചിലപ്പോള്‍ ഇന്ധന ചെലവിനുള്ള കാശ് പോലും ലഭിക്കാറില്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മത്സ്യമേഖലയില്‍ വറുതിയുടെ കാലമാണ്. ഈ സമയം ബോട്ടുകളുടെയും വള്ളങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്ക് വലിയ തുകയാണ് വേണ്ടിവരിക. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ 50 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് കടംവാങ്ങിയുമാണ് പലരും വള്ളം വാങ്ങുന്നത്. വായ്പ തിരിച്ചടവിനും പലിശ നല്‍കുന്നതിനുമുള്ള പണം പോലും ലഭിക്കാതാകുന്നതോടെ മത്സ്യത്തൊഴിലാളികള്‍ കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തും.