കോഴിക്കോട്്: മത്സ്യലഭ്യത കുറഞ്ഞ് കടം വര്‍ധിക്കുന്ന മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി മണ്ണെണ്ണയും. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെര്‍മിറ്റ് സംയുക്ത പരിശോധന നടത്താനുള്ള അധികൃതരുടെ തീരുമാനത്തെ തുടര്‍ന്ന്്് നടപടിക്രമങ്ങള്‍ അനന്തമായി നീളുന്നതാണ് മണ്ണെണ്ണ പ്രതിസന്ധി വരുത്തിവെച്ചിരിക്കുന്നത്്.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ മാറ്റിവച്ചതായിരുന്നു പെര്‍മിറ്റ് സംയുക്ത പരിശോധന. എന്നാല്‍ എല്ലാ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഇളവ് വന്നിട്ടും മത്സ്യത്തൊഴിലാളികളോട് ഇതുവരെ കനിവായിട്ടില്ല.
മത്സ്യമേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ കനത്ത ഇടിവുണ്ടാവുന്നതിനിടെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളിയായി ഇതര പ്രയാസങ്ങളും അധികൃതര്‍ അടിച്ചേല്‍പിക്കുന്നത്്. തോണിക്കാരാണ് ഇപ്പോള്‍ കടലില്‍ പോകുന്നത്്. പല കാരണങ്ങളാല്‍ മത്സ്യലഭ്യത കുറഞ്ഞതോടെ കടം പെരുകിയവരാണ് ഇന്ധനത്തിന്റെ പേരിലും വിഷമവൃത്തത്തിലായിരിക്കുന്നത്്. ചെറുവള്ളങ്ങള്‍ക്ക് ദിവസം കുറഞ്ഞത് 60 ലീറ്ററെങ്കിലും മണ്ണെണ്ണ വേണം. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ ലീറ്ററിനു 90 രൂപയിലധികം വില നല്‍കിയാണ് കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങുന്നത്. ഇങ്ങനെ കടലില്‍ പോകാന്‍ ദിവസം ചുരുങ്ങിയത് 5,000 രൂപയെങ്കിലും ഇന്ധനത്തിനു കരുതണം.
പെര്‍മിറ്റ് കിട്ടാത്തതിനാല്‍ കരിഞ്ചന്തയില്‍ മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഡിസംബര്‍ 10നു നടത്താന്‍ തീരുമാനിച്ച സംയുക്ത പരിശോധന നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു പെട്ടെന്നു മാറ്റിയത്. പരമ്പരാഗത മത്സ്യബന്ധന കേന്ദ്രമായ ചാലിയത്ത് നാനൂറോളം തോണിക്കാര്‍ ഇന്ധനത്തിനു പെര്‍മിറ്റില്ലാതെ കഷ്ടപ്പെടുകയാണ്. തോണിയും എന്‍ജിനുമുണ്ടായിട്ടും ഇവര്‍ക്കു കടലില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷിച്ചവര്‍ക്കുപോലും മണ്ണെണ്ണ പെര്‍മിറ്റ് കിട്ടിയില്ല. പുതിയ പെര്‍മിറ്റ് അനുവദിക്കാത്തത് പരമ്പരാഗത മീന്‍പിടിത്തക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ അയവു വരുത്തിയ സാഹചര്യത്തില്‍ സംയുക്ത പരിശോധന പെട്ടെന്നു നടത്തണമെന്ന ആവശ്യം തീരദേശമേഖലയില്‍ ശക്തമായിട്ടുണ്ട്്്. ഫിഷറീസ് മത്സ്യഫെഡ്‌സിവില്‍ സപ്ലൈസ് അധികൃതര്‍ സംയുക്ത പരിശോധന നടത്തിയാണ് പുതിയ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നത്. നേരത്തേ പെര്‍മിറ്റിന് മാസം 350 ലീറ്റര്‍ വരെ സബ്‌സിഡി നിരക്കില്‍ അനുവദിച്ചിരുന്ന മണ്ണെണ്ണ ഈ മാസം 80 ലീറ്ററാക്കി പരിമിതപ്പെടുത്തി. ഇതിന് 55 രൂപയാണ് വില. പുതുതായി അപേക്ഷ നല്‍കിയ തോണിക്കാര്‍ക്ക് ഇതും കിട്ടുന്നില്ല.