X

മലയാളികളെ അറിയാത്ത സിനിമാസംഘം: ദ കേരള സ്റ്റോറി കേരളത്തെ അറിയാത്തവരുടെ കഥ !

കെ.പി ജലീല്‍

കേരളത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ള ഏതാനും പേര്‍ ചേര്‍ന്ന് നിര്‍മിച്ചെടുത്ത സിനിമയാണ് ദ കേരള സ്റ്റോറി. ഇതിലെ കഥാകൃത്തുക്കള്‍ മുതല്‍ സംവിധായകനും നിര്‍മാതാവും അഭിനേതാക്കളുമൊന്നും മലയാളികളോ കേരളത്തെ ശരിക്കും മനസ്സിലാക്കിയവരോ അല്ല. ഏതോ നാഗ്പൂരിലെ വര്‍ഗീയ പരീക്ഷണശാലയില്‍ നിര്‍മിച്ചെടുത്ത കെട്ടുകഥകളുടെ ആകത്തുകയാണ് ഈ സിനിമ.
മെയ് അഞ്ചിന് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ പ്രധാനമായും ഉന്നം വെക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയം തന്നെ. കേരളത്തില്‍നിന്ന് 32000 സ്ത്രീകളെ ഐ.എസിലേക്ക് തട്ടിക്കൊണ്ടുപോയി ഇസ്്‌ലാമിലേക്ക് മതം മാറ്റിയെന്ന് സിനിമയില്‍ പറയുന്നതുതന്നെയാണ് സിനിമയുടെ വര്‍ഗീയരാഷ്ട്രീയം വ്യക്തമാക്കുന്നത്. കഥയല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാനാകാത്ത വിധം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കാനും മുന്‍മുഖ്യമന്ത്രിയുടെ അടക്കം പ്രസംഗങ്ങള്‍ കൊടുക്കാനും തയ്യാറായതിലൂടെ ഇതിന്റെ ഡോക്യുമെന്ററി ശൈലി പുറത്തുവരുന്നു.
മുമ്പ് കശ്മീര്‍ ഫയല്‍സ് എന്ന പേരില്‍ ഇറക്കിയ സിനിമ ലക്ഷ്യം വെച്ചതും കശ്മീരിലെ പണ്ഡിറ്റുകളുടെ ദൈന്യതയുടെ പേരില്‍ പടച്ചുവിട്ട വര്‍ഗീയഅജണ്ടതന്നെയാണിതിനും.
ദ കേരള സ്റ്റോറിയുടെ കഥയെഴുതിയത് മൂന്നുപേര്‍ ചേര്‍ന്നാണെന്നാണ് പറയുന്നത്. സെന്നും ഷായും സൂര്യപാല്‍ സിംഗും. സംവിധായകന്‍ സുദീപ്‌തോ സെന്‍. നിര്‍മാതാവ് വിപുല്‍അമൃത്‌ലാല്‍ ഷാ. ആദാ ശര്‍മ, യോഗിത ബിഹാനി, സോണിയാ ബലാനി, സിദ്ദി ഇദ്‌നാനി എന്നിവരാണ് നടിമാര്‍. ഇവരാണ് കേരളീയരായ മതംമാറ്റപ്പെട്ടവരായി വേഷമിട്ടിരിക്കുന്നത്. ഇതേ സംവിധായകന്‍ മുമ്പ് സ്‌നേഹത്തിന്റെ പേരില്‍ എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു. അതില്‍ 33000 ഹിന്ദുക്കളായ കേരളീയ വനിതകളെ ഐ.എസ്സിലേക്ക് തീവ്രവാദത്തിനായി കൊണ്ടുപോയെന്ന് പറഞ്ഞിരുന്നു. സിനിമയിലെത്തിയപ്പോള്‍ അത് 32000 ആയെന്ന വ്യത്യാസം മാത്രം. നാല് ഹിന്ദുസ്ത്രീകള്‍ മതംമാറിയതും അഫ്ഗാനിസ്ഥാനില്‍നിന്ന് രക്ഷപ്പെട്ട് വന്ന് സംസാരിക്കുന്നതുമായ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരിലൊരാളാണ് 32000 സ്ത്രീകളെ മതംമാറ്റിയെന്ന് പറയുന്നത്. ഇതിന് തക്ക യാതൊരു തെളിവും പുറത്തോ സിനിമക്കകത്തോ പറയുന്നില്ല എന്നതാണ് കൗതുകകരം. ഇത് വിശ്വസിച്ച് ഇസ്്‌ലാമോഫോബിയ പ്രചരിപ്പിക്കല്‍ മാത്രമാണ് സിനിമക്കുപിന്നിലുള്ളവരുടെ ലക്ഷ്യമെന്ന ്‌വ്യക്തം. 32000 ഇല്ലെങ്കിലും അതില്‍ കുറച്ചെങ്കിലുമുണ്ടാകില്ലേ എന്ന് വരുത്തലാണ് ഗൂഢാലോചനക്കാര്‍. ജോസഫ് മാഷിന്റെ കൈവെട്ടിമാറ്റിയ തീവ്രവാദികളുടെ ഒറ്റപ്പെട്ട സംഭവം ഒരുസ്വകാര്യചാനലിലൂടെ ഇപ്പോള്‍ ഇസ്്‌ലാമോഫോബിയപോലെ പ്രചരിപ്പിക്കുകയാണ്. ഇതിനെല്ലാം പിന്നിലെ അജണ്ടയാണ് ചോദ്യംചെയ്യപ്പെടുന്നത.്പക്ഷേ കാര്യമായ പ്രതിഷേധം മുസ്്‌ലിം പക്ഷത്തുനിന്നല്ലാതെ മതേതരപക്ഷത്തുനിന്നോ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നോ ഉയര്‍ന്നുവരുന്നില്ലെന്നതാണ് ഖേദകരം. ലവ് ജിഹാദും മലപ്പുറത്തെ വര്‍ഗീയതയുമെല്ലാം പോലെ മറ്റൊരു ആയുധമാണ് ദ കേരള സ്‌റ്റോറി എന്ന കേരളമറിയാത്ത സ്റ്റോറി !

അതേസമയം സിനിമ നിരോധിക്കപ്പെട്ടില്ലെങ്കില്‍ അത് കാണുന്ന മലയാളികള്‍ തങ്ങള്‍ കേട്ടിട്ടില്ലാത്ത മതംമാറ്റ ഭീകരവാദ കഥ കണ്ട് ഊറിച്ചിരിക്കും. പക്ഷേ ഇത് കേരളത്തെ പുറംലോകത്ത് ബോധപൂര്‍വം ഇകഴ്ത്തിക്കാട്ടുമെന്ന വസ്തുതയാണ് മറക്കാനാകാത്തത്.

Chandrika Web: