സംസ്ഥാനത്തെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താൻ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്നും യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു
ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ പദ്ധതി തയ്യാറാക്കുകയും വേണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു
യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.