X

വര്‍ഗീയപരാമര്‍ശം: പ്രതിയെ തേടി കേരളപൊലീസ്; ആളെ അറിഞ്ഞപ്പോള്‍ അന്വേഷണം നിര്‍ത്തി

വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ മുസ്‌ലിം വിരുദ്ധപരാമര്‍ശം നടത്തിയ ആളെ പിടിക്കാന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ കേരളപൊലീസ് ആള്‍ മുസ്‌ലിം അല്ലെന്ന് അറിഞ്ഞതോടെ തടിതപ്പി. കാഞ്ഞിരപ്പള്ളി പൊലീസിന്റേതാണ് ഈ മറിമായം. കോട്ടയം അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വര്‍ഗീയവിഷം തുപ്പുന്ന കമന്റിട്ട ആള്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ”അമല്‍ജ്യോതി കോളജിലെ തട്ടമിട്ട പെണ്‍കുട്ടികള്‍ക്ക് അഭിനന്ദനം. പതുക്കെ മറ്റ് കുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം.’ എന്ന രീതിയിലാണ് വര്‍ഗീയപരാമര്‍ശം നടത്തിയത്. കോളജില്‍ ഹിന്ദുവിദ്യാര്‍ത്ഥിനികളെ മതംമാറ്റാനായി മുസ്‌ലിം പെണ്‍കുട്ടികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു കമന്റ്. ഇത് അറിഞ്ഞയുടന്‍ കാഞ്ഞിരപ്പിള്ളി പൊലീസാണ് പ്രമുഖപത്രങ്ങളില്‍ പ്രതിക്കെതിരെ കേസെടുത്ത് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. അബ്ദുല്‍ജലീല്‍ എന്ന തിരൂര്‍ സ്വദേശിയാണെന്നായിരുന്നു വ്യാജ അക്കൗണ്ട്. നോട്ടീസില്‍ അബ്ദുല്‍ജലീല്‍ താഴെപ്പാലം എന്ന തിരൂര്‍ സ്വദേശിയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ അന്വേഷണത്തില്‍ ഇത്തരമൊരു വ്യക്തി തിരൂരില്‍ ഇല്ലെന്ന ്മാത്രമല്ല, പാക്കിസ്താന്‍ സ്വദേശിയാണെന്ന വിവരമാണ് ലഭിച്ചത്. വ്യാജഅക്കൗണ്ടില്‍ വന്നയാള്‍ സംഘപരിവാര്‍ അനുകൂലിയായ മലയാളിയാണെന്നും വ്യക്തമായതായി പറയുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കാഞ്ഞിരപ്പള്ളി പൊലീസ് എസ്.ഐയോ മറ്റ് ഉദ്യോഗസ്ഥരോ കേസിനെപ്പറ്റി കൂടുതലൊന്നും സംസാരിക്കാന്‍ തയ്യാറാകുന്നുമില്ല. പൊലീസിലെ ഏതോ ക്രിസംഘിയുടെ തലയിലുദിച്ചതാണ് അന്വേഷണമെന്നാണ് വിവരം.
ഏതായാലും നിരവധി വ്യാജ അക്കൗണ്ടുകളിലൂടെ ഇസ്‌ലാമികവിരോധം പ്രചരിപ്പിക്കുന്ന ആളുകളുണ്ടായിട്ടും പേര് ജലീല്‍ എന്നതുകൊണ്ട് പൊടുന്നനെ അന്വേഷണവും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ച കേരളപൊലീസ് സര്‍ക്കാരിന്റെ തനിനിറമാണ് പുറത്താക്കിയിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ കത്തുമായി ബന്ധപ്പെട്ട രഹസ്യവിവരം പുറത്തുവിട്ട സംഘപരിവാറുകാരനായ പ്രതീഷ് വിശ്വനാഥനെതിരെ കേസെടുക്കാന്‍പോലും പൊലീസ് കൂട്ടാക്കുന്നുമില്ലെന്ന ആരോപണവും ശക്തമാണ്.

 

Chandrika Web: