X

കേരള ബാങ്ക് ലയനം: മലപ്പുറത്ത് കണ്ണുനടുന്നത് ശതകോടികളില്‍

അനീഷ് ചാലിയാര്‍

ഇടതുസര്‍ക്കാര്‍ അധികാരമുപയോഗിച്ച് 16 കോടി ലാഭത്തിലുള്ള എം.ഡി.സി ബാങ്കിനെ ലയിപ്പിച്ചത് 637.8 കോടി നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍(കേരള ബാങ്കില്‍). 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 77.24 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കേരള ബാങ്കിന് എന്ന് വരുത്തി തീര്‍ക്കുമ്പോഴും ബാങ്കിന്റെ ഇതുവരെയുള്ള അറ്റനഷ്ടം 638 കോടിയോളമാണെന്നതാണ് സത്യം. അതേസമയം 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടുകോടി രൂപയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. എം.ഡി.സി ബാങ്കിന്റെ മൊത്തം ലാഭം പതിനാറ് കോടി രൂപയുമാണ്. 4606.99 കോടി നിക്ഷേപവും 3514.20 കോടിരൂപ വായ്പാ ബാക്കിയിരിപ്പുമുള്ള എം.ഡി.സി ബാങ്കില്‍ കരുതലായുള്ള ആയിരം കോടി രൂപയില്‍ കണ്ണുവെച്ചു തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉദ്യോഗസ്ഥനെ മുന്‍ നിര്‍ത്തി അട്ടിമറിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്തിരിക്കുന്നത്.
സഹകരണ വകുപ്പ് സംസ്ഥാന സഹകരണ ബാങ്കിന്റെ(കെ.എസ്.സി.ബി) പ്രവര്‍ത്തന ലാഭം പെരുപ്പിച്ച് കാണിച്ചാലും നിലവിലുള്ള അറ്റനഷ്ടം (637.8 കോടി) രൂപ നികത്തണമെങ്കില്‍ പത്തുവര്‍ഷത്തിലധികമെടുക്കും. കെ.എസ്.സി.ബിയുടെ 2022 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് (സി.ഡി.ആര്‍) 58.58 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ എം.ഡി.സി ബാങ്കിന്റെ സി.ഡി.ആര്‍ 76.28 ശതമാനമാണ്. ഒരു ബാങ്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കണമങ്കില്‍ സി.ഡി.ആര്‍ നിരക്ക് 70 ശതമാനത്തിന് മുകളിലായിരിക്കണമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുതന്നെ സമീപ കാലത്തൊന്നും കെ.എസ്.സി.ബിക്ക് ലാഭത്തിലെത്താന്‍ സാധിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്.

പിണറായി സര്‍ക്കാര്‍ കേരളത്തിന് മാത്രമായൊരു ബാങ്കുണ്ടാക്കിയെന്ന് വീമ്പിളക്കുമ്പോഴും നഷ്ടത്തില്‍ നിന്നും കരകയറാത്ത കേരള സംസ്ഥാന സഹകരണ ബാങ്ക് തന്നെയാണ് നിലവിലുള്ളതെന്നതാണ് യാഥാര്‍ത്ഥ്യം. പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സംസ്ഥാന സഹകരണ ബാങ്കിന് ബ്രാന്റ് നെയിം എന്ന പേരില്‍ കേരളബാങ്ക് എന്നാക്കി മാറ്റിയിരിക്കുന്നത്. 13 ജില്ലാ ബാങ്കുകളെ കെ.എസ്.സി.ബിയില്‍ ലയിപ്പിച്ചതിന് ആര്‍.ബി.ഐയുടെ അന്തിമാനുമതി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എ ചോദ്യമുന്നയിച്ചിട്ടും ഇതിന് ഉത്തരം സഹകരണ മന്ത്രി നല്‍കിയിട്ടില്ല. സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് 2019 നവംബറിലാണ് സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് എന്ന് പേരു നല്‍കിയിരുന്നത്. ഇതിന് ശേഷം ഏത് വിധേനയും എം.ഡി.സി ബാങ്കിനെയും ലയിപ്പിച്ചെടുക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍. ഇതിനൊടുവിലാണ് സഹകരണനിയമത്തിലെ ഭേദഗതി നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാന സഹകരണ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം എം.ഡി.സി ബാങ്കിനെ ലയിപ്പിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എയും പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധിക്കായി തുടര്‍വാദം കേള്‍ക്കാനിരിക്കുകയാണ്. അതിനു മുമ്പ് സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.

Chandrika Web: