X

ദുരിതാശ്വാസ സാധനങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തില്‍ വിതരണം ചെയ്യാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

താമരശ്ശേരി: ദുരിതബാധിതര്‍ക്കായി മഹാരാഷ്ട്രയില്‍ നിന്നും കൊണ്ടുവന്ന സാധനസാമഗ്രികള്‍ പാര്‍ട്ടി നിയന്ത്രണത്തിലാക്കി വകമാറ്റി വിതരണം ചെയ്യാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ശനിയാഴ്ച വൈകിട്ട് ആറര മണിയോടെ താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ് സംഭവം. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് മലയാളി സമാജം ശേഖരിച്ചതെന്ന് വ്യക്തമാക്കുന്ന ബാനര്‍ കെട്ടിയാണ് കണ്ടെയിനര്‍ ലോറിയെത്തിയത്. ഭക്ഷണവസ്തുക്കളും അല്ലാത്തതുമായി ടണ്‍കണക്കിന് സാധനങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. ദേശീയപാതയില്‍ നിന്ന മാറി സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ കൊണ്ടുവന്ന് ഇറക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പ്രദേശവാസികള്‍ സ്ഥലത്തെത്തി തടഞ്ഞത്.

താമരശ്ശേരി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇത് വകമാറ്റി പാര്‍ട്ടി ചാനലില്‍ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് മനസിലാക്കിയാണ് നാട്ടുകാരെത്തി തടഞ്ഞത്. നേരത്തെ കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ധാരാളം സാധനങ്ങള്‍ ലഭിച്ചിരുന്നു. ക്യാമ്പ് പ്രവര്‍ത്തിച്ച വകയില്‍ സര്‍ക്കാരിന് ചെലവുകളൊന്നും ഉണ്ടായിട്ടില്ല. ബാക്കി വന്ന സാധനങ്ങള്‍ കിറ്റുകളിലാക്കി ക്യാമ്പിലുള്ളവര്‍ക്ക് തന്നെ വിതരണം ചെയ്യുകയായിരുന്നു. അമ്പതുകിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളുമായാണ് നാനൂറിലധികം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിയത്. തുടര്‍ന്നും ബാക്കിയായ സാധനങ്ങള്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് നല്‍കുകയും ചെയ്തു.

അതുകൊണ്ട് തന്നെ സാധന സാമഗ്രികള്‍ ആവശ്യമില്ലാത്ത സ്ഥലത്ത് ഇറക്കി വെക്കേണ്ടതില്ലെന്നും ജില്ലാകലക്ടര്‍ക്ക് കൈമാറി ഇതര ജില്ലകളിലേക്ക് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുമെന്ന അവസ്ഥയായപ്പോള്‍ പൊലീസെത്തി കാര്യങ്ങള്‍ നിയന്ത്രിക്കുകയും സാധനങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റുന്നത് തടയുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സി.ഐയുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തിനിടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുവന്ന സാധനങ്ങളെല്ലെന്നും ജാതിമത രാഷ്ട്രീയ ഭേദമന്യേ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുമാണ് കൊണ്ടുവന്നതെന്ന് മലയാളിസമാജം പ്രതിനിധികള്‍ പൊലീസിനെ അറിയിച്ചു. പ്രദേശത്ത് ക്യാമ്പുകളോ മറ്റോ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ സാധന സാമഗ്രികള്‍ ആവശ്യമില്ലെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് കൊണ്ടുവന്ന സാധനങ്ങള്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ പാക്കറ്റുകളിലാക്കി അടുത്ത ദിവസം വയനാട് ജില്ലയില്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്.

chandrika: