X

ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകൾക്ക് തുടക്കമായി ; കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ആദ്യ വിമാനങ്ങൾ ഞായറാഴ്ച പുറപ്പെടും

ഈ വർഷത്തെ കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം തുറമുഖ- പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ നിർവഹിച്ചു. ടി.വി ഇബ്റാഹീം എം.എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എം.പിമാരായ അബ്ദുസമദ് സമദാനി, ഇടി മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച കണ്ണൂർ എയർപോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കണ്ണൂരിൽ ഞായറാഴ്ച പുലർച്ചെ 1.45 നും കരിപ്പൂരിൽ പുലർച്ചെ 4.25 നും നടക്കും.

സംസ്ഥാനത്ത് നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 11,121 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 1369 പേർ എഴുപത് വയസ് പൂർത്തിയായ റിസർവേഷൻ കാറ്റഗറിയിലുള്ളവരും 2733 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗവും ശേഷിക്കുന്ന 7019 പേർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.

കോഴിക്കോട് എംബാർക്കേഷൻ വഴി 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉൾപ്പടെ 6934 പേരും കണ്ണൂരിൽ നിന്നും 759 പുരുഷന്മാരും 1184 സ്ത്രീകളും അടക്കം 1943 പേരും കൊച്ചിയിൽ നിന്നും 903 പുരുഷന്മാരും 1341 സ്ത്രീകളും അടക്കം 2244 പേരാണ് യാത്രയാവുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സും കൊച്ചിയിൽ നിന്നും സഊദി എയർലൈൻസ് വിമാനവുമാണ് ഹാജിമാരെ കൊണ്ടുപോവുക.

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ഐ.എക്സ് 3027 പുലർച്ചെ 1.45 ന് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 5.45 ന് ജിദ്ധയിലെത്തും. ഇതിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമായാരിക്കും യാത്രയാവുക. കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും. പുലർച്ചെ 4.25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് സർവ്വീസ് നടത്തുക. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെടുക.

 

webdesk15: