X

മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവെക്കുമെന്ന് തോമസ് ചാണ്ടി

കൊച്ചി: മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പ് ലഭിച്ചശേഷം വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റി. കോടതി വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാട് ആരായും. മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മാറിനില്‍ക്കും. ഒഴിയേണ്ടി വന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതിനിടെ, ബുധനാഴ്ച രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മന്ത്രിസഭാ യോഗത്തിനു മുന്‍പായിരിക്കും കൂടിക്കാഴ്ച. രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചര്‍ച്ച നടത്തും. ഡല്‍ഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയാണു ലക്ഷ്യം.

നേരത്തെ ഹൈക്കോടതി വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അവ നീക്കിക്കിട്ടാന്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് അടക്കമുള്ളവ പരിഗണിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകര്‍പ്പ് ലഭിക്കുമ്പോള്‍ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കില്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജിയാണ് അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി.

chandrika: