ദി കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇത്തരത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോയെന്നും പികെ ഫിറോസ് ചോദിച്ചു.
ഇരുപത് വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേർഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.