X

മലയാളി ഹാജിമാര്‍ ഇന്നു മുതല്‍ മക്കയിലേക്ക്

ഗഫൂര്‍ പട്ടാമ്പി
ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും. കരിപ്പൂരില്‍ നിന്നും ആദ്യ ദിവസമെത്തിയ രണ്ട് വിമാനങ്ങളിലെ 600 ഹാജിമാര്‍ ഇന്ന് സുബഹി നമസ്‌ക്കാരം നിര്‍വ്വഹിച്ച ശേഷം രാവിലെ 8 മണിക്കും രണ്ടാം ദിവസമെത്തിയ ആദ്യ വിമാനത്തിലെ 300 ഹാജിമാര്‍ ഇന്ന് അസര്‍ നമസ്‌കാരാനന്തരം നാല് മണിക്കും പ്രവാചക നഗരിയോട് സലാം പറഞ്ഞ് മക്കയിലേക്ക് യാത്രയാവും. മസ്ജിദുനബവ്വിയുടെ പരിസരത്തുള്ള ഹാജിമാരുടെ താമസ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യക ബസ്സുകളില്‍ ഇഹ്‌റാം വേഷത്തിലാവും ഹാജിമാര്‍ പുറപ്പെടുക. പിന്നീട് മീക്കാത്ത് മസ്ജിദില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച് യാത്ര തുടരും. മക്കയിലെത്തുന്ന തീര്‍ഥാടകരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ മസ്ജിദുല്‍ ഹറാമിന്റെ പരിസരത്തുള്ള താമസ കേന്ദ്രങ്ങളിലും അസീസിയ കാറ്റഗറിയിലുള്ളവര്‍ മഹത്തത്തുല്‍ബങ്കിന്റെയും അബ്ദുള്ള ഹിയാത്ത റോഡിന്റെയും പരിസരത്തുള്ള താമസ കേന്ദ്രങ്ങളില്‍ ലഗേജുകളിറക്കി ഉംറ കര്‍മ്മം നിര്‍വ്വഹിച്ച ശേഷമാണ് താമസ കേന്ദ്രങ്ങളിലെത്തുക.
ഇന്ന് പുറപ്പെടുന്ന ആദ്യ സംഘങ്ങളെ കോര്‍ഡിനേറ്റര്‍ ടീം ലീഡര്‍ സൈതലവി, ഗവണ്‍മെന്റ് വളണ്ടിയര്‍മാരായ മുജീബ്, അബ്ദുല്‍ ജലീല്‍, അബൂബക്കര്‍, ഇബ്രാഹിം എന്നിവര്‍ അനുഗമിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആദ്യമെത്തുന്ന സംഘങ്ങള്‍ യഥാക്രമത്തില്‍ മക്കയിലക്ക് തിരിച്ചുകൊണ്ടിരിക്കും. മദീന വഴി എത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ തീര്‍ഥാടകര്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ജിദ്ദ വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്ക് മടങ്ങുക.

chandrika: